News - 2025
മാലിയില്‍ കന്യാസ്‌ത്രീയെ ജിഹാദികള്‍ തട്ടിക്കൊണ്ടു പോയി
സ്വന്തം ലേഖകന്‍ 11-02-2017 - Saturday
ബമാക്കോ: തെക്കുകിഴക്കന്‍ മാലിയിലെ കരന്‍ഗാസ്സോയില്‍ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന കന്യാസ്‌ത്രീയെ ആയുധധാരികളായ ജിഹാദികള്‍ തട്ടികൊണ്ടു പോയി. ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസ സഭയിലെ സി. ഗ്ലോറിയ സിസിലിയ നര്‍വെയ്‌സിനെയാണ് സംഘം തട്ടികൊണ്ടു പോയത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി നടന്ന സംഭവം കൊളമ്പിയന്‍ മെത്രാന്‍ സംഘമാണ് പുറംലോകത്തെ അറിയിച്ചത്.
അക്രമികള്‍ സിസ്‌റ്റര്‍ സിസിലിയായെ ബലം പ്രയോഗിച്ച് സഭയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നെന്ന് മഠത്തിന്റെ സുപ്പീരിയര്‍ സി. നയോമി ഖുസേദ പറഞ്ഞു. പിന്നിട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആംബുലന്‍സ് കണ്ടെത്തിയിരിന്നു. സംഭവത്തിനു നാലു കന്യാസ്‌ത്രീകള്‍ സാക്ഷികളാണ്.
തട്ടികൊണ്ടു പോയത് കൊള്ളക്കാര്‍ ആകാനുള്ള സാധ്യതകള്‍ തള്ളി കളയാനാകില്ലെന്ന് മാലിയിലെ മെത്രാന്‍ സംഘം വക്താവായ ഫാ. എഡ്വേഡ് ഡെമ്പെലെ പറഞ്ഞു. അന്വേഷണങ്ങളെ വഴിതെറ്റിക്കാനായിരിക്കും ജിഹാദികളാണെന്നു അവകാശപ്പെട്ടതെന്ന് വൈദികന്‍ പറഞ്ഞു. സ്ഥലത്തു നിന്നും കമ്പ്യൂട്ടറുകളും കാറും പണവുമെല്ലാം നഷ്ടമായിട്ടുണ്ട്.
അതേ സമയം മാലി സര്‍ക്കാര്‍ സിസ്റ്ററിനെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സിസ്‌റ്ററെ തട്ടി കൊണ്ടു പോയ പ്രദേശത്ത് പ്രത്യേകം സായുധ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. മാലിയുടെ അഭ്യന്തര സേനയും പോലീസുമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സിസ്റ്ററെ തട്ടികൊണ്ടു പോയത് ആരാണെന്ന് കണ്ടുപിടിക്കാനാണ് പ്രാഥമിക ശ്രമം. പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരെ ഇതിനകം പോലീസ് ചോദ്യം ചെയ്‌തു കഴിഞ്ഞു. പന്ത്രണ്ടു വര്‍ഷമായി കൊളമ്പിയക്കാരിയായ സിസ്റ്റര്‍ സിസിലിയ, കരന്‍ഗാസ്സോയില്‍ കേന്ദ്രത്തില്‍ സേവനം ചെയ്യുകയായിരിന്നു.
മാലിയിലെ ഏറ്റവും വലിയ ആരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭയുടെ മേല്‍നോട്ടത്തിലാണ്. 700 ഓളം മുസ്ലിം സ്‌ത്രീകള്‍ ജോലി ചെയ്യുന്ന ധാന്യസംഭരണ കേന്ദ്രത്തിന്റെ നടത്തിപ്പും ഇവരാണ്. രണ്ടു വയസ്സു വരെ പ്രായമുള്ള 30 കുട്ടികള്‍ക്കായി അനാഥ മന്ദിരവും സന്യാസ സമൂഹം നടത്തുന്നുണ്ട്. രാജ്യത്തുടനീളം തങ്ങളുടെ തീക്ഷ്ണമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ സംഭവിച്ച സഹപ്രവര്‍ത്തകയുടെ തിരോധനം, മറ്റ് സന്യസ്ഥരെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.
