News - 2025
ഭാരതത്തിന്റെ പുതിയ വത്തിക്കാൻ സ്ഥാനപതിയ്ക്കു സ്വീകരണം നല്‍കി
സ്വന്തം ലേഖകന്‍ 16-02-2017 - Thursday
ന്യൂഡൽഹി : ഇന്ത്യയിലെയും നേപ്പാളിലെയും അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിക്കപ്പെട്ട ഡോ.ജാംബത്തിസ്ത ഡിക്വാട്രോയ്ക്കു ഡൽഹിയിൽ ഊഷ്മള സ്വീകരണം നല്‍കി. ഇന്ദിരാഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്ന ആർച്ചു ബിഷപ്പ് ജാംബത്തിസ്തയ്ക്ക് സിബിസിഐ സംഘത്തിന്റെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. സിബിസിഐ അധ്യക്ഷൻ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ ബൊക്ക നൽകി അദ്ദേഹത്തെ സ്വീകരിച്ചു.
സീറോ മലബാർ സഭ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ഡൽഹി ആർച്ചു ബിഷപ് ഡോ: അനിൽ കൂട്ടോ എന്നിവരും സ്വീകരണത്തിനു നേതൃത്വം നല്‍കി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആയിരുന്ന ഡോ. സാൽവത്തോറെ പെനാക്യോയെ പോളണ്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് റവ. ജാംബത്തിസ്തയ്ക്കു നിയമനം ലഭിക്കുന്നത്.
കാനൻ നിയമത്തിൽ ഡോക്ടറേറ്റുള്ള ഡിക്വാട്രോ 1985 മുതൽ വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തിരിന്നു. പിന്നീട് സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, കോംഗോ, െഎക്യരാഷ്ട്രസംഘടന എന്നിവിടങ്ങളിൽ സ്ഥാനപതി ആയിരുന്നു. 2005ൽ പനാമയിൽ അപ്പസ്തോലിക് നുൺഷ്യോ ആയി നിയമിതനായി. 2008ൽ ബൊളീവിയയിലും വത്തിക്കാന്‍ സ്ഥാനാധിപതിയായി സേവനം ചെയ്തു.
