News

യേശു എന്ന ആ വാതിലിലൂടെ കടന്നു വരാത്തവർ പൗരോഹിത്യത്തിനും, സമർപ്പിത ജീവിതത്തിനും യോഗ്യരല്ല: ഫ്രാൻസിസ് മാർപാപ്പ

സ്വന്തം ലേഖകൻ 28-11-2015 - Saturday

എഴുതി തയ്യാറാക്കിയിരുന്ന പ്രസ്താവനകൾ മാറ്റി വെച്ച്, പിതാവ്, കെനിയയിലെ വൈദീകരോടും വൈദീകവിദ്യാർത്ഥികളോടും സമർപ്പിതരോടും ഹൃദയം തുറന്നു.

പ്രാർത്ഥനയിലൂടെയും കൂദാശകളിലൂടെയും, ദൈവത്തെ ജീവിതത്തിന്റെ കേന്ദ്ര ഭാഗത്ത് കൊണ്ടുവരണമെന്ന്, പിതാവ് അവരോട് ആഹ്വാനം ചെയ്തു. "തിരുസഭ ഒരു കച്ചവട സ്ഥാപനമല്ല. അതൊരു ദിവൃരഹസ്യമാണ്. മറ്റുള്ളവർക്ക് നന്മ പകർന്ന്, ആനന്ദം കണ്ടെത്താനുള്ള ഒരു ദൈവീക രഹസ്യമാണത്."

"കർത്താവ് കുരിശുമരണം വരിച്ചു! ക്രൈസ്തവരായ ആർക്കെങ്കിലും, അത് പുരോഹിതനാകട്ടെ, അൽമായനാകട്ടെ, ആ യാഥാർത്ഥ്യം മറക്കാൻ കഴിയുമോ? അത് മറക്കുന്നത് ഒരു പാപമാണ്. നികൃഷ്ടമായ പാപം!"

"നന്മയ്ക്ക് നേരെയുള്ള അലംഭാവം ഒരു പാപമാണ്."

പുരോഹിത രെയും വിശ്വാസികളെയും അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം തുടർന്നു.

"എന്റെയൊപ്പം പൗരോഹിത്യ ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രിയ സുഹൃത്തുക്കളെ, വിശ്വാസികളെ, വൈദീകവിദ്യാർത്ഥികളെ, നിങ്ങൾ ഒരിക്കലും 'വിശ്വാസത്തിൽ അലംഭാവം' എന്ന പാപത്തിൽ വീഴാതെ സൂക്ഷിക്കുക!"

"ദൈവം നമ്മെ എല്ലാവരെയും തിരഞ്ഞെടുത്തിരിക്കുന്നു. ജ്ഞാനസ്നാന സമയത്ത് തന്നെ പരിശുദ്ധാത്മാവ് നമ്മെ തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു!"

"പൗരോഹിത്യത്തിനും, സമർപ്പിത ജീവിതത്തിനുമായി, നമ്മളെല്ലാം ഒരു വാതിലിലൂടെ കടന്നു പോന്നിരിക്കുന്നു. ആ വാതിൽ യേശുവാണ്! "

"യേശു എന്ന ആ വാതിലിലൂടെ കടന്നു വരാത്തവർ പൗരോഹിത്യം, സമർപ്പിത ജീവിതം, എന്നീ നിയോഗങ്ങൾക്ക് യോഗ്യരല്ല." സ്നേഹത്തോടെ തന്നെ, നമുക്ക് അവരോട് പറയാം, 'ഈ വഴി നിങ്ങളുടേതല്ല'!"

"യേശുവെന്ന വാതിലിലൂടെ കടന്നു വരാത്തവർ തിരഞ്ഞെടുക്കപ്പെട്ടവരല്ല. നന്നായി തുടങ്ങാത്തത് നന്നായി അവസാനിക്കുകയില്ല. അവർ പോകുകയാണ് നല്ലത്!"

"മറ്റു ചിലരുണ്ട്. ദൈവം തന്നെ വിളിച്ചുവെന്ന് ഹൃദയത്തിൽ അറിഞ്ഞിട്ടും, ദൈവം എന്തിനാണ് തന്നെ വിളിച്ചത് എന്ന് അറിയാത്തവർ! അവർ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. എന്തിന് അവർ വിളിക്കപ്പെട്ടു എന്ന്, ഉചിതമായ സമയത്ത് ദൈവം അവർക്ക് വെളിപ്പെടുത്തും!"

"ചിലർക്ക് ദൈവവിളിയുണ്ടാകും, സമർപ്പിതമായ ഒരു മനസ്സുമുണ്ടാകും. പക്ഷേ, ആ മനസ്സിന്റെ ഒരു കോണിൽ, അധികാരത്തിനും സ്ഥാനമാനങ്ങൾക്കുമായി ആഗ്രഹിക്കുന്ന ഒരിടമുണ്ടാകും. യേശുശിഷ്യരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ, തന്റെ മക്കൾക്ക് സ്വർഗ്ഗത്തിൽ യേശുവിന്റെ ഇടത്തും വലത്തുമായി ഇരിക്കാനുള്ള അനുഗ്രഹമാണ് ആവശ്യപ്പെടുന്നത്."

"ഓരോരുത്തരും സ്വയം ചോദിക്കുക: 'ഞാൻ യേശുവിനെ പിന്തുടരുന്നത്, പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാണോ?"

"ചിലരുടെ ഹൃദയത്തിൽ, ഇവയ്ക്കു വേണ്ടിയുള്ള ആഗ്രഹം ഒരു ഇത്തിക്കണ്ണിയായി വേരുപിടിക്കുന്നു. അത് നമ്മുടെ ഹൃദയത്തിലെ ദൈവസ്നേഹവും മനുഷ്യനേഹവും നശിപ്പിക്കുന്നു."

"ഞാൻ ഒരിക്കൽ കൂടി പറയുന്നു. തിരുസഭ ഒരു കച്ചവട സ്ഥാപനമല്ല; ഒരു സന്നദ്ധ പ്രസ്ഥാനമല്ല. സഭ ഒരു ദൈവീക രഹസ്യമാണ്. യേശുവിന്റെ ദൃഷ്ടി നമ്മുടെ മേൽ പതിഞ്ഞിരിക്കുന്നു. അദ്ദേഹം പറയുന്നു: 'എന്നെ പിന്തുടരുക !"

"പാപത്തെ പറ്റി ഓർത്ത് പലരും പശ്ചാത്തപിക്കും.എന്നാൽ, പാപത്തെ പറ്റിയോർത്ത് കരഞ്ഞ, ഒരാളെ പറ്റിയേ വിശുദ്ധ ഗ്രന്ഥം പറയുന്നുള്ളു- വി.പത്രോസ്! താൻ പാപിയാണെന്നറിഞ്ഞ്, താൻ കർത്താവിനെ വഞ്ചിച്ചുവെന്നറിഞ്ഞ്, പത്രോസ് കരഞ്ഞു! പക്ഷേ യേശു അദ്ദേഹത്തെ ഒരു മാർപാപ്പയാക്കി."

"പൗരോഹിത്യ - സമർപ്പിത ജീവിതം നയിക്കുന്ന നമ്മുടെ കണ്ണുകൾ ഈറനണിയുന്നില്ലെങ്കിൽ, എവിടെയോ എന്തോ കുഴപ്പമുണ്ട് എന്ന് ഉടൻ തിരിച്ചറിയണം."

"സമർപ്പിത ജീവിതം നയിക്കുന്നവർ യഥാർത്ഥ പ്രാർത്ഥന മറന്നാൽ, അവരുടെ ആത്മാവ് വരണ്ടുണങ്ങും. ലോകത്തിന് മുമ്പിൽ അവർ, ഉണങ്ങിയ, ഫലം പുറപ്പെടുവിക്കാത്ത, വൃക്ഷം പോലെ അനാകർഷകമായി മാറും!"

പാവപ്പെട്ടവരോടും കുട്ടികളോടും പ്രായമായവരോടും നാം ഒരു പ്രത്യേക സേവന സന്നദ്ധത വളർത്തിയെടുക്കണം എന്നുകൂടി ഉപദേശിച്ചു കൊണ്ട് പിതാവ് പസംഗം ഉപസംഹരിച്ചു.

(Source: www.ewtnnews.com)