News

ക്രിസ്തുമതത്തിനു യൂറോപ്പില്‍ വീണ്ടും വസന്തകാലം ഉണ്ടാകും: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അഭിമുഖം വീണ്ടും ശ്രദ്ധേയമാകുന്നു

സ്വന്തം ലേഖകന്‍ 03-04-2017 - Monday

വത്തിക്കാന്‍ സിറ്റി: യൂറോപ്പിനെ കുറിച്ചുള്ള തന്റെ ശുഭപ്രതീക്ഷക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കി കൊണ്ടുള്ള ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അഭിമുഖം മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2012-ല്‍ വത്തിക്കാന്‍ ടെലിവിഷനു വേണ്ടി ഫാദര്‍ ജെര്‍മാനോ മാരാണി എസ്‌ജെക്ക് നല്‍കിയ അഭിമുഖമാണ് മാധ്യമലോകത്തു സജീവ ചര്‍ച്ചയ്ക്ക് വീണ്ടും തുടക്കം കുറിച്ചത്. യൂറോപ്പ്യന്‍ യൂണിയന്റെ 60-മത്തെ വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞയാഴ്ച യൂറോപ്പ്യന്‍ നേതാക്കള്‍ റോമില്‍ എത്തിയ സാഹചര്യം പരിഗണിച്ചു ജോസഫ് റാറ്റ്സിംഗര്‍ ഫൗണ്ടേഷന്‍ അഭിമുഖം പുനഃപ്രസിദ്ധീകരിച്ചിരിന്നു.

യൂറോപ്പിലെ ക്രൈസ്തവ വിശ്വാസത്തിന്റെ തിരിച്ചു വരവില്‍ പ്രതീക്ഷയുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കാമോയെന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിന് ഏറെ ശ്രദ്ധേയമായ മറുപടിയാണ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ നല്‍കിയത്. ദൈവത്തിനു വേണ്ടിയുള്ള മനുഷ്യരുടെ ആഗ്രഹത്തിനും അന്വേഷണത്തിനും അവസാനമില്ലായെന്ന ചിന്തയാണ് അദ്ദേഹം പങ്കുവെച്ചത്.

"യൂറോപ്പിനെ കുറിച്ചുള്ള എന്റെ പ്രതീക്ഷക്ക് പല കാരണങ്ങള്‍ ഉണ്ട്, അതില്‍ ഒന്നാമത്തെ കാരണം ഓരോ മനുഷ്യരിലും ദൈവത്തെ കണ്ടെത്താനുള്ള അതിയായ ആഗ്രഹമാണ്. തീര്‍ച്ചയായും ഇതൊരിക്കലും അപ്രത്യക്ഷമാവുകയില്ല. കുറച്ചു സമയത്തേക്ക് നമുക്ക് ദൈവത്തെ മറക്കുവാന്‍ കഴിയും, എന്നാല്‍ ദൈവം ഒരിക്കലും അപ്രത്യക്ഷനാവുന്നില്ല. ദൈവത്തെ കണ്ടെത്തുന്നത് വരെ നമ്മള്‍ അസ്വസ്ഥരാണ് എന്ന വിശുദ്ധ അഗസ്റ്റിന്റെ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. ദൈവത്തെ കണ്ടെത്താനുള്ള അസ്വസ്ഥത ഇന്നും തുടരുന്നു".

യൂറോപ്പിനെ കുറിച്ചുള്ള തന്റെ പ്രതീക്ഷയ്ക്കു പിന്നിലെ രണ്ടാമത്തെ കാരണമായി ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ വിശദീകരിച്ചത് യേശുവെന്ന സത്യം ഒരിയ്ക്കലും വിസ്മരിക്കപ്പെടില്ലായെന്നു ചൂണ്ടികാണിച്ചാണ്. "യേശുവെന്ന സത്യത്തിനു ഒരിക്കലും വയസ്സാവുകയില്ല. കുറച്ചു കാലത്തേക്ക് സത്യം വിസ്മരിക്കപ്പെട്ടേക്കാം. എന്നാല്‍ അത് ഒരിക്കലും അപ്രത്യക്ഷമാവുകയില്ല. പ്രത്യയശാസ്ത്രങ്ങള്‍ ശക്തവും ഒഴിവാക്കാന്‍ പറ്റാത്തതാണെന്നും നമുക്ക് തോന്നിയേക്കാം. എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം അവക്ക് ശക്തി നഷ്ടപ്പെടും. കാരണം അവയില്‍ സത്യമില്ല. ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാകും. എന്നാല്‍ സുവിശേഷമെന്ന സത്യം എക്കാലവും തുടരും. ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും സുവിശേഷം ഓരോ മുഖം സ്വീകരിക്കുന്നതായി നമുക്ക് കാണാം. മനുഷ്യഹൃദയത്തിന്റെ ഓരോ ആവശ്യങ്ങളോടും സുവിശേഷം പ്രതികരിക്കുന്നു എന്നതിലാണ് അതിന്റെ പ്രത്യേകമായ സവിശേഷത നിലനില്‍ക്കുന്നത്".

ക്രൈസ്തവ വിശ്വാസത്തിനു യൂറോപ്പില്‍ വീണ്ടും ഒരു വസന്തകാലമുണ്ടെന്ന് പറയാന്‍ മൂന്നാമത്തെ കാരണമായി ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ വിശദീകരിച്ചത് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ പ്രത്യേകതയെ ചൂണ്ടികാണിച്ചായിരിന്നു. "യുവജനങ്ങള്‍ക്കിടയില്‍ വിവിധ സിദ്ധാന്തങ്ങളുടേയും, ഉപഭോക്തൃ സംസ്കാരത്തിന്റേയും വാഗ്ദാനങ്ങള്‍ അവര്‍ കണ്ടു കഴിഞ്ഞു. ഇവ എല്ലാറ്റിന്റെയും പൊള്ളത്തരങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ പുതിയ തലമുറകള്‍ക്കിടയില്‍ ഈ അസ്വസ്ഥതകളില്‍ നിന്നും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ആഗ്രഹം കാണുന്നു. തീര്‍ച്ചയായും ക്രൈസ്തവ വിശ്വാസത്തിന്റെ സൗന്ദര്യം കണ്ടെത്തുവാനുള്ള യാത്ര അവരും തുടങ്ങും. ക്രിസ്തുമതത്തെ സംബന്ധിച്ചിടത്തോളം ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് എപ്പോഴും ഉണ്ടായിരുന്നു. അതിനു എക്കാലവും ഭാവിയുണ്ട്".

വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍ സുവിശേഷ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെട്ട് ജീവിച്ചു ക്രിസ്തുവിനോട് വിശ്വസ്തത പുലര്‍ത്തുന്ന ഒരു യൂറോപ്പിനെ കെട്ടിപ്പെടുക്കേണ്ടതല്ലേയെന്ന ഫാദര്‍ ജെര്‍മാനോ മാരാണിയുടെ മറ്റൊരു ചോദ്യത്തിനും ഏറെ അര്‍ത്ഥവത്തായ മറുപടിയാണ് ബനഡിക്റ്റ് പാപ്പ നല്‍കിയത്.

"സാമൂഹികം, സാമ്പത്തികം സാംസ്ക്കാരികം തുടങ്ങിയ ഏതു മേഖലയിലായാലും ഇന്നത്തെ ലോകത്ത് യൂറോപ്പിന് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. ഇതിനാല്‍ തന്നെ യൂറോപ്പിന് ഭാരിച്ച ഉത്തരവാദിത്വം കൂടിയുണ്ട്. എന്റെ അഭിപ്രായത്തില്‍ രാഷ്ട്രീയമായ വ്യത്യാസങ്ങള്‍ അല്ല യൂറോപ്പിലെ ഇന്നത്തെ പ്രശ്നം. യൂറോപ്പ് ഇപ്പോഴും തന്റെ സ്വന്തം വ്യക്തിത്വം കണ്ടെത്തിയിട്ടില്ല എന്നതാണ് കാതലായ പ്രശ്നം".

"സത്യത്തില്‍ ഇന്നത്തെ യൂറോപ്പിന് രണ്ടു ആത്മാവാണ് ഉള്ളത്. തങ്ങള്‍ എല്ലാ സംസ്കാരങ്ങള്‍ക്കും ഏറെ മുകളിലാണ് എന്ന് ചിന്തിക്കുന്നതാണ് ആദ്യത്തെ ആത്മാവ്. തങ്ങളുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും വിശ്വാസത്തെയും പൊട്ടിച്ചെറിഞ്ഞുകൊണ്ട് അപൂര്‍ണ്ണമായ യുക്തിചിന്തകള്‍ക്ക് നേരെ പായുവാന്‍ കൊതിക്കുകയാണ് ഈ ആത്മാവ്. ചരിത്രത്തില്‍ നിന്നും പോലും മുക്തി നേടുവാന്‍ അത് ആഗ്രഹിക്കുന്നു. എന്നാല്‍ നമുക്ക് ഇത്തരത്തില്‍ ജീവിക്കുവാന്‍ സാധിക്കുകയില്ല."

യൂറോപ്പിന്റെ രണ്ടാമത്തെ ആത്മാവിനെ ക്രിസ്തീയ ആത്മാവ് എന്നാണ് ബനഡിക്റ്റ് പാപ്പ വിശേഷിപ്പിച്ചത്. "ക്രിസ്തീയ ദര്‍ശനങ്ങള്‍ വഴി യൂറോപ്പ്യന്‍ ഭൂഖണ്ഡത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്കു രൂപം നല്‍കിയത് ഈ ആത്മാവാണ്. ക്രിസ്തുമതം നമുക്ക് നല്‍കിയ ശക്തമായ മൂല്യങ്ങളുടെ വെളിച്ചത്തില്‍ ജീവിക്കുമ്പോഴാണ് മേല്‍ക്കോയ്മ നേടുവാന്‍ നമ്മുക്ക് സാധിക്കുകയുള്ളു. കത്തോലിക്ക, ഓര്‍ത്തഡോക്സ്, പ്രൊട്ടസ്റ്റന്റ് സഭകള്‍ക്കിടയില്‍ നല്ല സഭാ സംവാദങ്ങള്‍ വഴി ഒരു പൊതുവികാരം ഉണ്ടാകേണ്ടിയിരിക്കുന്നു. യുക്തിക്ക് ചരിത്രപരവും ധാര്‍മ്മികപരവുമായ ഒരു വ്യക്തിത്വം ഉണ്ടാക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ അതിനു മറ്റുള്ളവരുമായി സംവദിക്കുവാന്‍ കഴിയുകയുള്ളൂ".

മനുഷ്യന്‍ ദൈവത്തിന്റെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന കാഴ്ചപ്പാടില്‍ നിന്നുമായിരിക്കണം നമ്മളിലെ മാനുഷികത ഉണരേണ്ടതെന്നും ബനഡിക്റ്റ് മാര്‍പാപ്പ അന്നത്തെ അഭിമുഖത്തില്‍ വ്യക്തമാക്കി. വത്തിക്കാന്‍ ടെലിവിഷന്‍ നിര്‍മ്മിച്ച “ബെല്‍സ് ഓഫ് യൂറോപ്പ്’ എന്ന ഹ്രസ്വചിത്രത്തിലാണ് ഈ അഭിമുഖം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. യൂറോപ്പിന്റെ ഭാവിയും ക്രിസ്തുമതവും തമ്മിലുള്ള ബന്ധമാണ് ഹ്രസ്വചിത്രത്തിന്റെ പ്രമേയം.


Related Articles »