News - 2024
ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടതു നാടകീയ സംഭവങ്ങള്‍ക്കു ശേഷം: ബിഷപ്പ് ഗാങ്‌സ്‌വെയിന്‍
സ്വന്തം ലേഖകന്‍ 25-05-2016 - Wednesday
വത്തിക്കാന്‍: ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് നാടകീയമായ പല സംഭവങ്ങളുടെയും അനന്തര ഫലമാണെന്ന് ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗാങ്‌സ്‌വെയിന്‍. 2005-ല്‍ നടന്ന കോണ്‍ക്ലേവിനെ സംഭവ ബഹുലമായ ഒരു നാടകത്തോടാണ് ആര്‍ച്ച് ബിഷപ്പ് ഉപമിക്കുന്നത്. പോപ് ബനഡിക്ടറ്റുമായി ബന്ധപ്പെട്ട ഒരു പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു എമെരിറ്റസ് മാർപാപ്പയുറെ സെക്രട്ടറിയായ ബിഷപ്പ് ഗാങ്‌സ്‌വെയിന്‍.
2005-ല്‍ കോണ്‍ക്ലേവ് നടന്നപ്പോള്‍ ഉടനടി സഭയില്‍ വലിയ മാറ്റങ്ങള്‍ വരണമെന്നു ചിന്തിച്ചിരുന്ന ഒരു ചെറു സംഘം കര്‍ദിനാളുമാര്‍ ഉണ്ടായിരുന്നു. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ എന്ന ബനഡിക്ടറ്റ് മാര്‍പാപ്പയ്ക്കു വേഗത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിച്ചിരുന്നില്ല. 'സെന്റ് ഗാലന്‍ ഗ്രൂപ്പ്' എന്ന പേരിലാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ദൈവഹിതം ജോസഫ് റാറ്റ്‌സിംഗറെ ബനഡിക്ടറ്റ് പതിനാറാമന്‍ മാര്‍പാപ്പയാക്കി തീര്‍ത്തു.
സ്ഥാനമൊഴിയുവാന്‍ ബനഡിക്ടറ്റ് പതിനാറാമന്‍ തീരുമാനിച്ചത് ആരോഗ്യപരമായ കാരണങ്ങള്‍ക്കൊണ്ടു മാത്രമാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശുദ്ധ നുണകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വത്തീലിക്‌സ്' എന്ന പേരില്‍ പുറത്തു വന്ന ചില രേഖകളുടെ അടിസ്ഥാനത്തിലാണു ബനഡിക്ടറ്റ് പതിനാറാമന്‍ സ്ഥാനമൊഴിഞ്ഞതെന്നു, രേഖകള്‍ പുറത്തുവിട്ടവര്‍ തന്നെ പറഞ്ഞുണ്ടാക്കിയിരുന്നു. സഭയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു കൂട്ടം വാര്‍ത്തകളാണു വത്തിലീക്‌സില്‍ ഉണ്ടായിരുന്നത്. "തന്റെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാകുന്നതായി പിതാവിനു മനസിലായി. ഈ അവസ്ഥയില്‍ വലിയ സഭയെ ഭരിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന കാര്യവും പിതാവ് തിരിച്ചറിഞ്ഞു. പുതിയ പാപ്പയ്ക്കു ചുമതലകള്‍ നല്‍കിയ ശേഷം വിശ്രമിക്കാം എന്നു പരിശുദ്ധ പിതാവ് തീരുമാനിച്ചത് ഇതെ തുടര്‍ന്നാണ്". ഗാങ്‌സ്‌വെയില്‍ പറഞ്ഞു.