Wednesday Mirror - 2025
വിശുദ്ധ ക്ലാരയെ ടെലിവിഷൻ പ്രേക്ഷകരുടെ മധ്യസ്ഥയാക്കി മാറ്റിയ അത്ഭുതം
സ്വന്തം ലേഖകന്‍ 11-08-2023 - Friday
നമ്മുടെ ഓരോ ജീവിത ആവശ്യങ്ങളിലും ഓരോ വിശുദ്ധരുടെ മാദ്ധ്യസ്ഥം തേടി നാം പ്രാര്‍ത്ഥിക്കാറുണ്ട്. നഷ്ട്ടപ്പെട്ട് പോയ സാധനങ്ങള്‍ കണ്ടുകിട്ടാന്‍ വിശുദ്ധ അന്തോണീസ്, ക്ഷുദ്രജീവികളുടെ ഉപദ്രവങ്ങളില്‍ നിന്ന്‍ മോചനം കിട്ടാന്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ്, അസാദ്ധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദേവൂസ് എന്നിങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഒരു മധ്യസ്ഥ വിശുദ്ധയുള്ള കാര്യം അറിയാമോ ? പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ക്ലാരയാണ് ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥ.
1950-കളുടെ അവസാനമായപ്പോഴേക്കും ആധുനിക സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമങ്ങളിലൊന്നായി ടെലിവിഷന്‍ മാറിക്കഴിഞ്ഞിരുന്നു. പുതിയ സാങ്കേതിക വിദ്യക്ക് തിരുസഭയുടെ അനുഗ്രഹവും സംരക്ഷണവും നല്‍കണമെന്ന് അക്കാലത്തെ മാര്‍പാപ്പായായിരുന്ന പിയൂസ് പന്ത്രണ്ടാമന്‍ ആഗ്രഹിച്ചു. പുതിയ സാങ്കേതിക വിദ്യകളേയും, ശാസ്ത്രപുരോഗതിയേയും തിരുസഭ പിന്തുണക്കുന്നുവെന്നും, അതിനാല്‍ ആധുനിക സാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ സുവിശേഷ പ്രഘോഷണത്തില്‍ പ്രയോജനപ്പെടുത്തണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
ടെലിവിഷന് നല്ലതും, മോശവുമായ വശങ്ങള്‍ ഉണ്ടെന്നും അതിനു ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ പറ്റിയും പാപ്പാക്ക് അറിയാമായിരുന്നു. ഇതിനാലാണ് ടെലിവിഷന്‍ മേഖലയുടെ ആത്മീയ സംരക്ഷണത്തിനായി ഒരു മധ്യസ്ഥ വിശുദ്ധന്‍/വിശുദ്ധ ഉണ്ടായിരിക്കണമെന്ന് പാപ്പാ ആഗ്രഹിച്ചത്. അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സീസിനെ പിഞ്ചെല്ലിയ വിശുദ്ധ ക്ലാരയെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥയായി പരിഗണിക്കുന്നതിന് ഒരു പ്രത്യേക കാരണം ഉണ്ടായിരുന്നു.
ഒരു ക്രിസ്തുമസ്സ് ദിനം. ക്ലാര രോഗിണി ആയിരിക്കുന്ന സമയമായിരിന്നു അത്. അന്നത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കണമെന്ന അതിയായ ആഗ്രഹം അവള്‍ക്ക് ഉണ്ടായിരുന്നെങ്കിലും അവള്‍ക്ക് തന്റെ കട്ടില്‍ വിട്ടെഴുന്നേല്‍ക്കുവാന്‍ പോലും സാധ്യമല്ലായിരുന്നു. പക്ഷേ അവളുടെ ആഗ്രഹത്തെ അറിഞ്ഞ ദൈവം അത്ഭുതകരമായ രീതിയില്‍ അവള്‍ക്ക് വിശുദ്ധ കുര്‍ബ്ബാനയുടെ ദര്‍ശനം നല്‍കി.
അവളുടെ കോണ്‍വെന്റില്‍ വെച്ച് യഥാര്‍ത്ഥത്തില്‍ നടക്കുന്നതിനു സമാനമായ രീതിയിലായിരുന്നു വിശുദ്ധ കുര്‍ബ്ബാനയുടെ പൂര്‍ണ്ണമായ ദര്‍ശനം അവള്‍ക്ക് ലഭിച്ചത്. ടെലിവിഷനിലെ തല്‍സമയ സംപ്രേഷണത്തിനു തുല്യമായിരിന്നു അത്. ഈ സംഭവമാണ് ക്ലാരയെ ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥയായിരിക്കുവാന്‍ പീയൂസ് പാപ്പ തിരഞ്ഞെടുത്തത്. 1958-ല്‍ അദ്ദേഹം തന്‍റെ ഒരു അപ്പസ്തോലിക ലേഖനത്തിലൂടെ വിശുദ്ധ ക്ലാരയെ ടെലിവിഷന്‍ പ്രേക്ഷകരുടെ മധ്യസ്ഥയാക്കി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരിന്നു.