News - 2025

മുംബൈയില്‍ 122 വര്‍ഷം പഴക്കമുള്ള കുരിശ് തകര്‍ത്തു: കോടതിയെ സമീപിക്കുമെന്ന് മുംബൈ അതിരൂപത

സ്വന്തം ലേഖകന്‍ 02-05-2017 - Tuesday

മുംബൈ: മുംബൈയിലെ ബാന്ദ്രായിലെ ബസാര്‍ റോഡിന് സമീപത്ത്‌ 122 വര്‍ഷമായി സ്ഥിതി ചെയ്തിരിന്ന കുരിശ് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ച് മാറ്റിയതില്‍ വ്യാപക പ്രതിഷേധം. ഇക്കഴിഞ്ഞ ഏപ്രില്‍ 29-ന് ആണ് സംഭവം നടന്നത്. വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുംബൈ അതിരൂപത അറിയിച്ചു. റോഡുകളിലും പൊതുസ്ഥലങ്ങളിലും സ്ഥിതിചെയ്യുന്ന മതപരമായ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്നു അധികൃതര്‍ പറയുന്നു. എന്നാല്‍ പൊളിച്ചു മാറ്റപ്പെട്ട കുരിശ് ഒരു സ്വകാര്യസ്ഥലത്തായിരുന്നു സ്ഥിതിചെയ്തിരുന്നതെന്ന്‍ മുംബൈ അതിരൂപതാ വ്യക്തമാക്കി.

ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭാഗത്ത്‌ നിന്നുള്ള അന്യായ നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബോംബെ അതിരൂപത അറിയിച്ചു. അനേകം ആളുകളും നിരവധി സ്ഥാപനങ്ങളും കത്തോലിക്കാ സമൂഹത്തിന്റേതായി ബാന്ദ്രയില്‍ ഉണ്ട്. കോര്‍പ്പറേഷന്റെ നടപടി ബാന്ദ്രായിലെ കത്തോലിക്കാ സമൂഹത്തിനിടയില്‍ ആശങ്കക്ക് കാരണമായതായി അതിരൂപത വക്താവ് ഫാദര്‍ നൈജെല്‍ ബാരെറ്റ് പറഞ്ഞു. അതേ സമയം സ്ഥലത്തു പ്രശ്നം രൂക്ഷമായതിനെ തുടര്‍ന്നു താത്ക്കാലിക കുരിശ് സ്ഥാപിച്ചിട്ടുണ്ട്.

മതപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഒരു കുരിശാണ് കോര്‍പ്പറേഷന്‍ പൊളിച്ചു നീക്കിയത്. ഏപ്രില്‍ 3-ന് കോര്‍പ്പറേഷന്‍ പ്രാദേശിക കത്തോലിക്കാപ്രതിനിധികളുമായി ഒരു കൂടിക്കാഴ്ച നടത്തിയിരിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പരിധിയില്‍ വരുന്നതല്ല പ്രസ്തുത കുരിശെന്നും അതിനാല്‍ നിയമപരമായി ആ കുരിശ് പൊളിച്ചുമാറ്റുവാന്‍ സാധിക്കുകയില്ലായെന്നും കത്തോലിക്കാ സഭാ പ്രതിനിധികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതായി ഫാദര്‍ ബാരെറ്റ് പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന മതപരമായ നിര്‍മ്മിതികളെ കുറിച്ച് 2010-മുതല്‍ ബോംബെ ഹൈക്കോടതിയുടെ മുന്നിലുള്ള ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയെ ചൂണ്ടികാണിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന് അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍ ശരത്‌ ഉഘാടെ നോട്ടീസ്‌ അയച്ചിരുന്നു. എന്നാല്‍ പ്രസ്തുത കുരിശ് സ്വകാര്യസ്ഥലത്തു സ്ഥിതി ചെയ്യുന്നതിനാല്‍ മേല്‍പ്പറഞ്ഞ നോട്ടീസിന് നിയമപരമായി യാതൊരു സാധുതയുമില്ലായെന്ന് രൂപതാ വ്യക്തമാക്കിയിരിന്നു.

കുരിശ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ഉടമയും സഭാ പ്രതിനിധികളും വ്യക്തമായ രേഖകള്‍ മുനിസിപ്പാലിറ്റിയില്‍ സമര്‍പ്പിക്കുകയും കുരിശിന്റെ നിയമപരമായ സാധുതയെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനെയെല്ലാം നിരാകരിച്ചു കൊണ്ടാണ് കുരിശ് തകര്‍ത്തത്, കുരിശ് പൊളിച്ച നടപടി അധികാരദുര്‍വിനിയോഗമാണെന്നും, ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ചതിനു ശേഷം നിയമപരമായി വേണ്ട നടപടികള്‍ കൈകൊള്ളുമെന്നും സഭാധികാരികള്‍ അറിയിച്ചു. വിഷയത്തില്‍ സഭയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നു പ്രാദേശിക രാഷ്ട്രീയ നേതൃത്വം സഭാപ്രതിനിധികളെ ഇന്ന്‍ കൂടികാഴ്ചക്കു ക്ഷണിച്ചിട്ടുണ്ട്.


Related Articles »