News - 2024

ദുഃഖ വെള്ളി അവധി തന്നെ: കേന്ദ്രഭരണ പ്രദേശങ്ങളുടെ നീക്കം തടഞ്ഞ് മുംബൈ ഹൈക്കോടതി

സ്വന്തം ലേഖകന്‍ 16-04-2019 - Tuesday

മുംബൈ: ദാദ്ര നഗര്‍ ഹവേലിയിലെയും ദാമന്‍ ദിയുവിലെയും ദുഃഖവെള്ളിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ നീക്കം തടഞ്ഞ് മുംബൈ ഹൈക്കോടതി. കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ദുഃഖവെള്ളിയാഴ്ച ഔദ്യോഗിക അവധി ദിവസമായി തന്നെ തുടരണമെന്ന് മുംബൈ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് പ്രദീപ്‌ നന്ദ്രജോഗും, ജസ്റ്റിസ് എന്‍.എം. ജാംദറും അടങ്ങുന്ന സിംഗിള്‍ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ക്രൈസ്തവര്‍ വിശുദ്ധമായി കരുതുന്ന ദുഃഖവെള്ളിയാഴ്ച ദിവസം സ്കൂളുകളും, കോളേജുകളും ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങള്‍ നിര്‍ബന്ധമായും തുറന്നു പ്രവര്‍ത്തിക്കണമെന്ന പ്രാദേശിക ഭരണസംവിധാനങ്ങളുടെ നിര്‍ദ്ദേശം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിന്നു. തുടര്‍ന്ന്‍ ക്രൈസ്തവ സമൂഹത്തെ പ്രതിനിധീകരിച്ച് മോത്തി ദാമനില്‍ നിന്നുള്ള അന്തോണി ഫ്രാന്‍സിസ്കോ ഡുവാര്‍ട്ടെ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയുടെ പുറത്താണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.

ദേശീയ കാത്തലിക് മെത്രാന്‍ സമിതി (സിബിസിഐ), അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം (ADF) എന്നിവര്‍ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരിന്നു. കുറഞ്ഞ സമയത്തില്‍ ദുഃഖവെള്ളിയാഴ്ച പൊതു അവധിയായി പ്രഖ്യാപിക്കുവാന്‍ കഴിയുകയില്ലെന്ന് സര്‍ക്കാര്‍ വിഭാഗം അഭിഭാഷകന്‍ വാദിച്ചുവെങ്കിലും ദുഃഖവെള്ളിയാഴ്ചയുടെ പ്രാധാന്യം മനസ്സിലാക്കിയ കോടതി ഏപ്രില്‍ 19 ഗസറ്റഡ് അവധിയായി പ്രഖ്യാപിക്കുവാന്‍ ഉത്തരവിടുകയായിരുന്നു.

ഹൈകോടതിവിധിയെ സ്വാഗതം ചെയ്തു സി‌ബി‌സി‌ഐ പ്രസ്താവന ഇറക്കി. പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ച ആന്തണി ഫ്രാന്‍സെസ്കോക്കും, അഭിഭാഷകന്‍ ഹരേഷ് ജഗ്താനിക്കും, എഡിഎഫ്നും നന്ദി അറിയിച്ചുകൊണ്ട് സിബിസിഐ ജനറല്‍ സെക്രട്ടറി റവ. തിയോഡോര്‍ മസ്കാരന്‍ഹാസാണ് പ്രസ്താവനയിറക്കിയത്. ഈ വലിയ ആഴ്ചയില്‍ ദൈവം നമുക്ക് തന്ന സമ്മാനമാണിതെന്നു സി‌ബി‌സി‌ഐ പ്രസ്താവനയില്‍ കുറിച്ചു.


Related Articles »