News - 2025

സെമിത്തേരി ഇല്ലെങ്കില്‍ വോട്ടില്ലെന്ന പ്രഖ്യാപനവുമായി മുംബൈ ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 28-03-2019 - Thursday

മുംബൈ: തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരം അടക്കം ചെയ്യുവാന്‍ സെമിത്തേരി അനുവദിച്ചാൽ മാത്രം വോട്ടെന്ന പ്രഖ്യാപനവുമായി മുംബൈയിലെ ക്രൈസ്തവർ. രണ്ട് കോടിയോളം ജനങ്ങൾ താമസിക്കുന്ന നഗരത്തിൽ മൃതസംസ്കാരത്തിനുള്ള സ്ഥലത്തിന്റെ അഭാവം മൂലം ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ സംസ്കരിക്കുന്ന ദയനീയ അവസ്ഥയാണ് നിലനിൽക്കുന്നത്. ഏപ്രിൽ പതിനൊന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ട് അഭ്യർത്ഥിക്കുന്ന സ്ഥാനാർത്ഥികളോടെല്ലാം സെമിത്തേരിയുടെ ആവശ്യകത അറിയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചു #NoCemeteryNoVote" എന്ന ഹാഷ് ടാഗു വിശ്വാസികള്‍ നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ക്രൈസ്തവ ആചാരപ്രകാരം മൃതശരീരം ശവപ്പെട്ടിയിലാക്കി സംസ്ക്കരിക്കുന്നതിന് പകരം സ്ഥലം ലാഭിക്കുവാൻ തുണിയിൽ പൊതിഞ്ഞ് അടക്കുന്ന പതിവാണ് മുംബൈയില്‍ സ്വീകരിക്കുന്നതെന്ന്‍ ബോംബെ അതിരൂപതാംഗമായ കസ്ബർ അഗസ്റ്റിൻ പറഞ്ഞു. അതുവഴി, ശരീരം പെട്ടെന്ന് അഴുകാൻ അനുവദിച്ച് ബാക്കി വരുന്നവ കല്ലറയിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സെമിത്തേരികൾ അതിവേഗം നിറയുന്നതിനാൽ സംസ്കാര ശുശ്രൂഷകൾക്കായി തുറക്കുമ്പോൾ അഴുകാത്ത ശരീരവശിഷ്ടങ്ങൾ കാണുന്നത് കുടുംബാംഗങ്ങളെ ദുഃഖത്തിലാഴ്ത്തുന്നുണ്ട്. ഇതിനുള്ള പരിഹാരമാണ് വിശ്വാസികള്‍ ജനപ്രതിനിധികളില്‍ നിന്നു തേടുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക കേന്ദ്രമായ മുംബൈ നഗരത്തിൽ ഒൻപത് ലക്ഷത്തിലധികം ക്രൈസ്തവരാണുള്ളത്. മുംബൈയില്‍ ആറു പൊതു സെമിത്തേരികളും താനെയില്‍ മൂന്നും സെമിത്തേരികളുമാണ് ആകെയുള്ളത്. ക്രൈസ്തവ നേതൃത്വം സ്ഥാനാർത്ഥികളെ സന്ദർശിച്ച് പുതിയ സെമിത്തേരികൾ നിർമ്മിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് മുൻ ആൾ ഇന്ത്യ കത്തോലിക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോൾഫി ഡിസൂസ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »