News - 2025

ക്രൈസ്തവരുടെ സ്വത്തുവകകള്‍ പിടിച്ചടക്കുവാന്‍ കുര്‍ദ്ദിഷ് പോരാളികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 10-06-2017 - Saturday

ഇര്‍ബില്‍: വടക്കന്‍ ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭൂമിയും സ്വത്തുവകകളും പിടിച്ചെടുത്ത് ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളെ കുര്‍ദ്ദിഷ് മേഖലകളാക്കി മാറ്റുവാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തിനായുള്ള യു‌എസ് അന്താരാഷ്ട കമ്മീഷന്‍ (USCIRF) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. ‘കുര്‍ദ്ദിഷ് സൂര്യനാല്‍ കരിയുന്നവര്‍: വടക്കന്‍ ഇറാഖിലെ മതന്യൂനപക്ഷങ്ങളുടെ ഭയവും പ്രതീക്ഷകളും’ എന്ന തലക്കെട്ടോടെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട അനേകം മതന്യൂനപക്ഷങ്ങള്‍ക്ക് അഭയകേന്ദ്രമായ മേഖലയില്‍ പോലും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും വിവേചനത്തിനും ആക്രമണങ്ങള്‍ക്കും വിധേയരായികൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. മത, വംശ ന്യൂനപക്ഷങ്ങള്‍ക്ക് സമൂഹവുമായി പൂര്‍ണ്ണമായി ഇഴുകിചേര്‍ന്ന് ജീവിക്കുവാന്‍ കഴിയാത്ത ഒരവസ്ഥയാണ് രാജ്യത്തു നിലനില്‍ക്കുന്നത്. നിയമങ്ങളും മറ്റും സുന്നി കുര്‍ദ്ദുകള്‍ അല്ലാത്തവര്‍ക്ക് മാത്രമേ ബാധകമാവുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദോഹുക് ഉള്‍പ്പെടെയുള്ള മേഖലകളിലും, നഹലാ പ്രദേശങ്ങളിലും ക്രിസ്ത്യാനികളുടെ പരിതാപകരമായ അവസ്ഥ ശരിവെക്കുന്ന രീതിയിലുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സമീപവര്‍ഷങ്ങളില്‍ ഏതാണ്ട് 42-ഓളം അനധികൃത കയ്യേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്ന് മേഖലകളില്‍ ക്രിസ്ത്യാനികള്‍ വെളിപ്പെടുത്തുന്നു.

ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ക്ക് ചെക്ക്പോസ്റ്റുകളില്‍ അടക്കം വിവേചനം നേരിടേണ്ടതായും വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐ‌എസ് ആക്രമണം മൂലം പലായനം ചെയ്ത ക്രൈസ്തവര്‍ തിരിച്ചുവരാതിരിക്കുന്നതിനായി അവരുടെ സ്വത്തുവകകള്‍ മനപ്പൂര്‍വ്വം നശിപ്പിക്കുന്നതായി നിരവധി സന്നദ്ധസംഘടനകളും, മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇര്‍ബില്‍, ദോഹക് എന്നീ മേഖലകളിലെ കുര്‍ദ്ദിഷ് ഭൂവുടമകള്‍ ക്രിസ്ത്യാനികളുടെ ഭൂമി തട്ടിയെടുക്കുന്നതായി ശ്രമം നടത്തിയിരിന്നുവെന്ന് വ്യാപക പരാതി ഉയര്‍ത്തിയിരിന്നു. തങ്ങളുടെ ഭൂമികള്‍ കുര്‍ദ്ദിഷ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും, ധനസമ്പാദനത്തിനും ഉപയോഗിക്കുന്നതായി ചില അസ്സീറിയന്‍ ക്രിസ്ത്യാനികളും പരാതിപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ ക്രിസ്ത്യന്‍ മേഖലകളെ കുര്‍ദ്ദിഷ് മേഖലകളാക്കി മാറ്റുവാനുള്ള ഗൂഡപദ്ധതിയുടെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related Articles »