News - 2024

തിന്മയെ ഇല്ലാതാക്കുവാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 27-07-2017 - Thursday

വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ നന്മയും തിന്മയും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ അവയെ വേര്‍തിരിക്കുക അസാധ്യമാണെന്നും അതു ദൈവത്തിനുമാത്രം കഴിയുന്ന കാര്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച സുവിശേഷത്തിലെ കളകളുടെ ഉപമ വ്യാഖ്യാനിച്ചു കൊണ്ട് നല്‍കിയ സന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. നമുക്കു പുറത്തുള്ള തിന്മകളില്‍ മാത്രം നോക്കിയിരിക്കുന്നത് അര്‍ത്ഥമാക്കുന്നത് നമ്മിലുള്ള പാപത്തെ തിരിച്ചറിയുന്നതിനു നാം ഇഷ്ടപ്പെടുന്നില്ല എന്നതാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഉപമയുടെ വിവരണത്തില്‍ രണ്ടു യജമാനന്മാരുള്ള ഒരു വയലാണ് ഉള്ളത്. ഒരു വശത്ത് വയലിന്‍റെ യജമാനനെ പ്രതിനിധാനം ചെയ്യുന്നത് നല്ല വിത്തുവിതയ്ക്കുന്ന ദൈവമാണ്. മറുവശത്ത്, കളകള്‍ വിതയ്ക്കുന്ന സാത്താനും വയലിന്‍റെ യജമാനനായി മാറുകയാണ്. സമയം കടന്നുപോയപ്പോള്‍, ഗോതമ്പിനൊപ്പം കളകളും വളര്‍ന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ യജമാനനും വേലക്കാര്‍ക്കും രണ്ടുതരം മനോഭാവങ്ങളാണു രൂപപ്പെട്ടത്. വേലക്കാര്‍ ആ കളകളെ പറിച്ചുകൂട്ടുന്നതിനായി ആലോചിച്ചപ്പോള്‍, യജമാനന്‍ അവരുടെ ആലോചനയെ എതിര്‍ത്തു.

ഈ ഒരു പ്രതീകത്തിലൂടെ, യേശു നമ്മോടു പറയുന്നു, ഈ ലോകത്തില്‍ നന്മയും തിന്മയും ഇഴചേര്‍ന്നു കിടക്കുന്നതിനാല്‍ തിന്മയെ ഇല്ലാതാക്കുന്നതിനുവേണ്ടി അവയെ വേര്‍തിരിക്കുക അസാധ്യമാണ്. അതു ദൈവത്തിനുമാത്രം കഴിയുന്ന കാര്യമാണ്, അത് അന്ത്യവിധിദിനത്തില്‍ മാത്രം ദൈവം ചെയ്യുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ നന്മതിന്മകളെ വിവേചിക്കുക എന്ന പ്രവൃത്തി പ്രയാസകരമാണ്. എന്നിരിന്നാലും നാമെല്ലാവരും, നമ്മുടെ സര്‍വശക്തിയോടും കൂടെ തിന്മയില്‍നിന്നും അതിന്‍റെ പ്രലോഭനങ്ങളില്‍ നിന്നും നമ്മെത്തന്നെ അകറ്റിനിര്‍ത്തുന്നതിനു പരിശ്രമിക്കുന്നു.

യേശുക്രിസ്തു, അവിടുത്തെ കുരിശുമരണത്താലും ഉത്ഥാനത്താലും, നമ്മെ പാപത്തിന്‍റെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചു. നമുക്കു പുതുജീവനിലൂടെ നടക്കുന്നതിനുള്ള കൃപ നല്‍കി. മാമോദീസ വഴി അവിടുന്ന് നമ്മുടെ പാപങ്ങളില്‍ നിന്നു മോചനം ആവശ്യമാണെന്ന് ഏറ്റുപറയാന്‍ നമുക്കു കഴിവു നല്‍കി. ദൈവികപ്രവര്‍ത്തനങ്ങളുടെ രഹസ്യങ്ങളെ ഗ്രഹിക്കാന്‍ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ട ആശംസയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »