രണ്ടാം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധയാര്‍ജിച്ച മെത്രാന്‍മാരില്‍ ഒരാളായിരുന്നു വിശുദ്ധ അപ്പോളിനാരിസ്. യൂസേബിയൂസ്, വിശുദ്ധ ജെറോം, തിയോഡോറെറ്റ് തുടങ്ങിയവര്‍ ഈ വിശുദ്ധനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് ചരിത്രരേഖങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. മാര്‍ക്കസ് ഒറേലിയൂസ് എന്ന ചക്രവര്‍ത്തി മൊറാവിയ എന്നറിയപ്പെടുന്ന രാജ്യത്തെ ക്വാടിയ എന്ന ജനതക്ക് മേല്‍ വിജയം നേടിയിരുന്നു.
ഇദ്ദേഹത്തിന്റെ സൈനികവിഭാഗം മുഖ്യമായും ക്രിസ്ത്യാനികളായിരുന്നു. ക്രിസ്തുമതത്തിന്റെ നിലനില്‍പ്പിനായി നിരവധി വാദങ്ങള്‍ (Apology) വിശുദ്ധന്‍, മാര്‍ക്കസ് ഒറേലിയുസ് മുഖാന്തരം സമര്‍പ്പിക്കുകയുണ്ടായി. ഒരിക്കല്‍ ഇദ്ദേഹത്തിന്റെ സൈന്യം വെള്ളത്തിനായി ദാഹിച്ചു വലഞ്ഞപ്പോള്‍, അവര്‍ മുട്ടിന്മേല്‍ നിന്ന് വെള്ളത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു. പ്രാര്‍ഥനയുടെ ഫലം പെട്ടന്നായിരിന്നു. ഉടനടി കാറ്റോടുകൂടി ശക്തമായ മഴ പെയ്തു. അതേ തുടര്‍ന്ന്‍ ചക്രവര്‍ത്തി ഈ സൈന്യവിഭാഗത്തിന് “ഇടിമുഴക്കത്തിന്റെ സൈന്യം” (Thundering Legion) എന്ന നാമം നല്‍കുകയും, തന്റെ മതപീഡനം അവസാനിപ്പിക്കുകയും ചെയ്തു.
ഫിര്‍ഗിയായിലുള്ള ഹിറാപോളീസിലെ മെത്രാനായിരുന്ന വിശുദ്ധ അപ്പോളിനാരിസ്, മത പീഡനത്തില്‍ നിന്നും തന്റെയും, തന്റെ ജനതയുടേയും സംരക്ഷണം അപേക്ഷിച്ചും, ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനകളുടെ ഫലമായി തനിക്ക് ദൈവം തന്ന സഹായങ്ങളെപ്പറ്റി ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിച്ചും കൊണ്ടാണ് ന്യായമായ വാദങ്ങള്‍ (Apology) ചക്രവര്‍ത്തി സമക്ഷം സമര്‍പ്പിച്ചത്.
വിശുദ്ധന്‍ മരിച്ച തിയതിയെ കുറിച്ച് വ്യക്തമായ അറിവൊന്നും ഇല്ല. എങ്കിലും 175-ല്‍ മാര്‍ക്കസ് ഒറേലിയൂസ് ചക്രവര്‍ത്തിയുടേ മരണത്തിന് മുന്‍പായിരിക്കും വിശുദ്ധന്റെ മരണമെന്ന് കരുതപ്പെടുന്നു.