News - 2025

കൊളംബിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി

സ്വന്തം ലേഖകന്‍ 12-09-2017 - Tuesday

വില്ലാവിസെന്‍സിയോ: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ബിഷപ്പ് എമീലീയോ യാരമീലോയും, വൈദികനായ പെദ്രോ റമീരെസ് റാമോസിനെയും ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കൊളംബിയന്‍ സന്ദര്‍ശനത്തിനിടെ വില്ലാവിസെന്‍സിയോയിലെ കതാമാ മൈതാനിയില്‍ സമൂഹബലിയര്‍പ്പണ മദ്ധ്യേയാണ് മാര്‍പാപ്പാ ഇരുവരെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. പത്തുലക്ഷത്തോളം വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊളംബിയായിലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണ് ഈ രക്തസാക്ഷികളെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

1916-ല്‍ കൊളംബിയയിലെ സാന്‍ ദൊമീങ്കോയിലാണ് ബിഷപ്പ് എമീലീയോ യാരമീലോ ജനിച്ചത്. സവേറിയന്‍ മിഷണറി സഭയില്‍ ചേര്‍ന്ന അദ്ദേഹം 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. നീണ്ടകാലത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷം അദ്ദേഹം 1970-ല്‍ അരൗകാ അതിരൂപതയുടെ അപ്പസ്തോലിക്ക് വികാരിയായി നിയമിതനായി. 1980-ല്‍ രൂപതാദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു.

ഇതിനിടെ രാജ്യത്തെ അഭ്യന്തരകലാപത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ദേശീയ സ്വാതന്ത്ര്യ സേനയെന്ന വിമതസഖ്യത്തെയും മയക്കുമരുന്നു സംഘങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. 1989-ല്‍ വിമതപക്ഷത്താല്‍ ബന്ധിയാക്കപ്പെട്ട അദ്ദേഹം തുടര്‍ച്ചയായ പീഡനങ്ങള്‍ക്ക് ഒടുവില്‍ കൊല്ലപ്പെടുകയായിരിന്നു.

1899-1949 കാലയളവിലാണ് വൈദികനായ പെദ്രോ റമീരെസ് റാമോസ് ജീവിച്ചിരിന്നത്. 1939-ല്‍ ആഭ്യന്തര വിപ്ലവം പൊട്ടിപ്പുറപ്പെട്ട കാലഘട്ടത്തില്‍ അദ്ദേഹം സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1946-ല്‍ അര്‍മേരോയിലെ ഇടവകവികാരിയായി നിയമിതനായി.

രാഷ്ട്രീയ കലാപത്തിനിടെ ഉയര്‍ന്നുവന്ന മതമര്‍ദ്ദനമാണ് ഫാദര്‍ റാമോസിന്‍റെ കൊലപാതകത്തിന് കാരണമായത്. രക്ഷപ്പെടാമായിരുന്നെങ്കിലും തന്‍റെ അജഗണങ്ങളുടെ കൂടെയായിരിക്കാനും ക്രിസ്തുവിനുവേണ്ടി വിശ്വാസത്തെപ്രതി രക്തംചിന്തുവാനും അദ്ദേഹം തയ്യാറാകുകയായിരിന്നു. 1949 ഏപ്രില്‍ 10-ന് അര്‍മേരോയിലെ ഇടവകപള്ളിയില്‍വച്ച് മത തീവ്രവാദികള്‍ ഫാദര്‍ റോമോസിനെ കൊലപ്പെടുത്തുകയായിരിന്നു.


Related Articles »