News - 2025
നിക്കരാഗ്വേയില്‍ നസ്രത്ത് ക്ലിനിക്കും ഫ്രാന്‍സിസ്ക്കന്‍ വൈദികന്റെ സ്മാരക ഭൂമിയും കണ്ടുക്കെട്ടി
പ്രവാചകശബ്ദം 03-02-2025 - Monday
മനാഗ്വേ: ഏകാധിപത്യ ഭരണം തുടരുന്ന നിക്കരാഗ്വേയില്‍ കത്തോലിക്ക സഭയ്ക്ക് നേരെയുള്ള അതിക്രമം മാറ്റമില്ലാതെ തുടരുന്നു. ഫ്രാന്‍സിസ്ക്കന്‍ വൈദികനും ദൈവദാസനുമായ ഫാ. ഒഡോറിക്കോ ഡി ആൻഡ്രിയ സ്ഥാപിച്ച നസ്രത്ത് ക്ലിനിക്കും സന്യാസിയെ സ്മരിക്കുന്ന സ്ഥലവും നിക്കരാഗ്വേൻ സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ ദിവസം കണ്ടുകെട്ടി. നിക്കരാഗ്വേൻ പത്രമായ 'മൊസൈക്കോ സിഎസ്ഐ' കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ജനുവരി 29 ബുധനാഴ്ച, പോലീസും അറ്റോർണി ജനറലിന്റെ ഓഫീസ് ജിനോടെഗയിലെ സാൻ റാഫേൽ ഡെൽ നോർട്ടെയിലെ ക്ലിനിക്കിൽ റെയ്ഡ് നടത്തുകയായിരിന്നു. നേരത്തെ വിവിധ സാമൂഹിക വികസന പദ്ധതികൾ നടപ്പിലാക്കി അനേകര്‍ക്ക് താങ്ങും തണലുമായ ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷന്റെ നിയമപരമായ അംഗീകാരം അകാരണമായി റദ്ദ് ചെയ്തിരിന്നു. 2024 ഓഗസ്റ്റിൽ 1500 സംഘടനകളുടെ അംഗീകാരമാണ് റദ്ദാക്കിയത്. ഇവയില്‍ ഒഡോറിക്കോ ഡി ആൻഡ്രിയ ഫൗണ്ടേഷനും ഉള്‍പ്പെടുകയായിരിന്നു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരിന്ന ആറ് മോട്ടോർ സൈക്കിളുകളും ഒരു വാനും ഒരു ട്രക്കും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്.
നിക്കരാഗ്വേയിലെ ജനങ്ങൾക്ക് പതിറ്റാണ്ടുകളായി സേവനം ചെയ്ത ഫ്രാൻസിസ്‌ക്കൻ സന്യാസിയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനുള്ള രൂപതാ ഘട്ടം 2022 മാർച്ചിൽ അവസാനിച്ചിരിന്നു. നാമകരണത്തില്‍ വത്തിക്കാന്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന കേന്ദ്രവും ഫാ. ഒഡോറിക്കോയെ അനുസ്മരിക്കുന്ന സ്ഥലവും അധികാരികള്‍ ഭീഷണി മുഴക്കി കണ്ടുക്കെട്ടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഭരണകൂട ഭീഷണിയെ തുടര്‍ന്നു രാജ്യ തലസ്ഥാനമായ മനാഗ്വേയിലെയും ചൈനാൻഡേഗയിലെയും ണ്ടാമഠത്തിലെ മുപ്പതോളം കന്യാസ്ത്രീകള്‍ രാത്രി മഠം വിട്ടുപോകാന്‍ നിര്‍ബന്ധിതരായിരിന്നു.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️