India - 2024

സര്‍ക്കാര്‍ മദ്യലോബിയുടെ സംരക്ഷകരായി മാറിയത് ദുഃഖകരമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി

സ്വന്തം ലേഖകന്‍ 13-09-2017 - Wednesday

അങ്കമാലി: തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ച സര്‍ക്കാര്‍ മദ്യലോബിയുടെ സംരക്ഷകരായി മാറിയത് വളരെ ദുഃഖകരമാണെന്ന്‍ കെസിബിസി മദ്യവിരുദ്ധ സമിതി. സര്‍ക്കാരിന്റെ മദ്യവര്‍ജന നയവും ബോധവത്കരണനയവും സമൂഹത്തില്‍ ഏശിയില്ല. മദ്യശാലകളുടെ ദൂരപരിധി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനവഞ്ചനയുമാണെന്നു സമിതി ചൂണ്ടിക്കാട്ടി.

ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നതു മദ്യം കഴിക്കാനാണെന്നുള്ള പ്രസ്താവന ഖേദകരമാണ്. തെരുവുനായ ശല്യം, പകര്‍ച്ചപ്പനി, മാലിന്യപ്രശ്!നം എന്നിവയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കേണ്ടത്. മദ്യശാലകളുടെ ദൂരപരിധി വെട്ടിക്കുറച്ച സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 18ന് ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചു വരെ അങ്കമാലി ടൗണില്‍ പ്രതിഷേധസൂചകമായി വായ്മൂടിക്കെട്ടി നില്‍പ് സമരം നടത്തും.

പ്രാദേശിക മദ്യനിരോധനത്തിനുള്ള ജനാധികാര വകുപ്പുകള്‍ പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പു കാലത്തു പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ച് വരുംതലമുറയെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നയം ഉപേക്ഷിക്കുക, സുപ്രീം കോടതി വിധി അട്ടിമറിച്ചു ദേശീയസംസ്ഥാന പാതകളുടെ പദവി മാറ്റിയ നടപടി പിന്‍വലിക്കുക, കുടിക്കാത്തവരെയും വിദ്യാര്‍ഥികളെയും മദ്യപാനികളാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നില്പ് സമരം സംഘടിപ്പിക്കുന്നത്.

മുന്‍ എംഎല്‍എ ടി.എന്‍. പ്രതാപന്‍ സമരം ഉദ്ഘാടനം ചെയ്യും. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. വിവിധ മതരാഷ്ട്രീയസാമൂഹിക സാംസ്‌കാരികആത്മീയ രംഗങ്ങളിലെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുക്കും.


Related Articles »