News - 2024

ഹാര്‍വി, ഇര്‍മ: 1.3 ദശലക്ഷം ഡോളറിന്റെ സഹായവുമായി നൈറ്റ്സ് ഓഫ് കൊളംബസ്

സ്വന്തം ലേഖകന്‍ 13-09-2017 - Wednesday

ന്യൂ ഹാവെന്‍: അമേരിക്കയില്‍ താണ്ഡവമാടിയ ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റിക്കിനിരയായവര്‍ക്ക് സഹായഹസ്തവുമായി കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. ചുഴലിക്കാറ്റുകള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും കരകയറുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ സഹായിക്കുന്നതിനായി നൈറ്റ്സ് ഓഫ് കൊളംബസ് 1.3 ദശലക്ഷം ഡോളറിന്റെ ധനസഹായമാണ് നല്‍കുക. സെപ്റ്റംബര്‍ 8-ന് നൈറ്റ്സ് ഓഫ് കൊളംബസിന്റെ സി‌ഇ‌ഓ കാള്‍ ആന്‍ഡേഴ്സനാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്.

സഹായധനം രൂപീകരിക്കുന്നതിനു നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങള്‍ അസാമാന്യമായ ഉദാരമനസ്കത കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനത്തില്‍ മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുവാനും അദ്ദേഹം മറന്നില്ല. ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ ചാരിറ്റി സംഘടനയാണ് അമേരിക്കയിലെ ന്യൂ ഹാവെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈറ്റ്സ് ഓഫ് കൊളംബസ്. 1882-ല്‍ സ്ഥാപിതമായ സംഘടന അന്നുമുതല്‍ വിവിധ മേഖലകളില്‍ പ്രത്യേകിച്ച് ദുരന്തബാധിത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനവും, സാമ്പത്തിക സഹായങ്ങളും ചെയ്തുവരുന്നു.

ടെക്സാസിലെ നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങള്‍ കഴിഞ്ഞയാഴ്ച മുതല്‍ ഹാര്‍വിക്കിരയായവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തുടങ്ങിയിരുന്നു. വീടുകള്‍ വൃത്തിയാക്കുവാനും ഭവനരഹിതര്‍ക്ക് താമസിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ ചെയ്തു കൊടുക്കുവാനും ഭക്ഷണസാധനങ്ങളുടെ വിതരണവും നടത്തുവാനും സംഘടനയ്ക്ക് സാധിച്ചു. ഹൂസ്റ്റണ്‍, കോര്‍പ്പസ് ക്രിസ്റ്റി തുടങ്ങിയിടങ്ങളിലാണ് ഹാര്‍വിയുടെ ഭീകരത ഏറ്റവും കൂടുതല്‍ പ്രകടമായത്.

ടെക്സാസില്‍ മാത്രം ഏതാണ്ട് 93,000-ത്തോളം ആളുകള്‍ ഹാര്‍വി ചുഴലിക്കാറ്റ് മൂലം ഭവനരഹിതരായി എന്നാണ് കണക്കാക്കപ്പെടുന്നത്. പുനരിധിവാസത്തിനായി 150-180 ബില്യണ്‍ യു‌എസ് ഡോളര്‍ ആവശ്യമായി വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ കണക്കാക്കുന്നത്. നൈറ്റ്സ് ഓഫ് കൊളംബസ് കൂടാതെ നിരവധി ക്രൈസ്തവ സംഘടനകളും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.


Related Articles »