News - 2024

സീറോ മലബാര്‍ സഭയിലെ രൂപതകളുടെ എണ്ണം മുപ്പത്തിനാലായി: നയിക്കുന്നത് 62 മെത്രാന്‍മാര്‍

സ്വന്തം ലേഖകന്‍ 11-10-2017 - Wednesday

കൊച്ചി: തെലുങ്കാനായിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രങ്ങളായി പുതിയ രണ്ടു രൂപതകള്‍ കൂടി സ്ഥാപിതമായതോടെ സീറോ മലബാര്‍ സഭയിലെ ആകെ രൂപതകളുടെ എണ്ണം മുപ്പത്തിനാലായി. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷമാണ്, ഇന്നലെ സീറോ മലബാര്‍ സഭയ്ക്കു രണ്ടു പുതിയ രൂപതകള്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് വത്തിക്കാന്‍ പുറപ്പെടുവിച്ചത്. ഹൊസൂര്‍ രൂപതയുടെ അധ്യക്ഷനായി മോണ്‍. സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിനെ പുതിയതായി തിരഞ്ഞെടുത്തതോടെ കൂടി സഭയിലെ ആകെ മെത്രാന്‍മാരുടെ എണ്ണം 62 ആയതും ശ്രദ്ധേയമാണ്. സീറോ മലബാര്‍ സഭയില്‍ ഇപ്പോള്‍ ആകെയുള്ള 62 മെത്രാന്മാരില്‍ 16 പേര്‍ വിരമിച്ചവരും 10 പേര്‍ സഹായമെത്രാന്മാരുമാണ്.

ആകെരൂപതകളില്‍ ഇന്ത്യയ്ക്കുള്ളില്‍ മാത്രം സീറോ മലബാര്‍ സഭാ രൂപതകള്‍ 31 ആയി ഉയര്‍ന്നു. ഇന്ത്യയ്ക്കുള്ളില്‍ രൂപതകളില്ലാത്ത മേഖലകളില്‍ 1,96,123 സീറോ മലബാര്‍ സഭാംഗങ്ങളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതുവരെ ഇന്ത്യയിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ മേല്‍നോട്ടത്തിലായിരുന്നു രൂപതകള്‍ക്കു പുറത്തുള്ള മേഖലകളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്നത്. ഇനി ഷംഷാബാദ് രൂപതയുടെ മേല്‍നോട്ടത്തില്‍ ഇത് ഏകോപിപ്പിക്കും.

ഹൈദരാബാദ്, സെക്കന്ദരാബാദ്, ഭോപ്പാല്‍, ജയ്പൂര്‍, ലക്‌നോ, കോല്‍ക്കത്ത, റാഞ്ചി, നാഗ്പൂര്‍, അഹമ്മദാബാദ്, ബറോഡ, സൂറത്ത്, പനാജി, വിശാഖപട്ടണം, ഗ്വാളിയോര്‍, ജബല്‍പൂര്‍, ഇന്‍ഡോര്‍, ഝാന്‍സി തുടങ്ങി 94 കേന്ദ്രങ്ങളിലായി ഇപ്പോള്‍ സഭാവിശ്വാസികളുടെ കൂട്ടായ്മകളുണ്ട്. ഇവിടെയെല്ലാം ഭാവിയില്‍ ഇടവകകള്‍ ഉള്‍പ്പെടെയുള്ള അജപാലന സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ പുതിയ തീരുമാനം വഴിതെളിക്കും.

അദിലാബാദ്, ബല്‍ത്തങ്ങാടി, ഭദ്രാവതി, ബിജ്‌നോര്‍, ഛാന്ദ, ചങ്ങനാശേരി, എറണാകുളംഅങ്കമാലി, ഫരീദാബാദ്, ഖരക്പൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദല്‍പുര്‍, കല്യാണ്‍, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാലാ, പാലക്കാട്, രാജ്‌കോട്ട്, രാമനാഥപുരം, സാഗര്‍, സത്‌ന, തലശേരി, താമരശേരി, തക്കല, തൃശൂര്‍, ഉജ്ജയിന്‍ എന്നിവയാണ് ഇന്ത്യയിലെ മറ്റു സീറോ മലബാര്‍ രൂപതകള്‍.

ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണ് ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. കാനഡയില്‍ മിസിസാഗ ആസ്ഥാനമായി എക്‌സാര്‍ക്കേറ്റും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍മാരും സഭയ്ക്കുണ്ട്. ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ഏകോപിപ്പിക്കും.


Related Articles »