News - 2025

ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും നരകത്തിന്റെ ജീവിക്കുന്ന പ്രതിഫലനങ്ങള്‍: സാന്‍ ഫ്രാന്‍സിസ്ക്കോ മെത്രാപ്പോലീത്ത

സ്വന്തം ലേഖകന്‍ 12-10-2017 - Thursday

സാന്‍ ഫ്രാന്‍സിസ്കോ: നരകത്തിന്റെ ജീവിക്കുന്ന പ്രതിഫലനമാണ് ഭ്രൂണഹത്യയും സ്വവര്‍ഗ്ഗരതിയും ദയവധവുമെന്ന് സാന്‍ഫ്രാന്‍സിസ്കോ അതിരൂപതാ മെത്രാപ്പോലീത്ത സാല്‍വാട്ടോര്‍ കോര്‍ഡിലിയോണ്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 7 ശനിയാഴ്ച അതിരൂപതയെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ ചോരകൊണ്ട് നമ്മുടെ സ്വന്തം മണ്ണുതന്നെ നനഞ്ഞു കുതിര്‍ന്നിരിക്കുകയാണെന്നും ഗര്‍ഭഛിദ്രം ഒരു പകര്‍ച്ചവ്യാധി പോലെ പ്രചരിക്കുന്നതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ദൈവനിന്ദയുടെ മാര്‍ഗ്ഗങ്ങളുടെ ഘോഷയാത്രയായിട്ടാണ് സ്വവര്‍ഗ്ഗരതിയേയും ദയവധത്തെയും സ്വവര്‍ഗ്ഗവിവാഹത്തേയും അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരം തിന്‍മകളുടെ ബാഹുല്യം നിമിത്തം സാന്‍ഫ്രാന്‍സിസ്കോ ഉള്‍പ്പെടെയുള്ള ഓരോ തെരുവുകളിലും സൃഷ്ടാവായ ദൈവം നിന്ദിക്കപ്പെടുന്നുണ്ടെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. ദൈവത്തിനെതിരെ നമ്മള്‍ ചെയ്യുന്നതെല്ലാം നമ്മളിലേക്ക് തന്നെ തിരികെ വരുമെന്നും കോര്‍ഡിലിയോണ്‍ മെത്രാപ്പോലീത്ത പറഞ്ഞു.

ഫാത്തിമയില്‍ മാതാവ് പ്രത്യക്ഷപ്പെട്ടിട്ട് നൂറുവര്‍ഷങ്ങളായിരിക്കുന്നു. കഴിഞ്ഞ നൂറു വര്‍ഷങ്ങളില്‍ നമ്മള്‍ നരകത്തെ അറിഞ്ഞുകൊണ്ടിരിക്കുക മാത്രമായിരുന്നു. ഫാത്തിമാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷിക സമാപനവേളയില്‍ പോലും നമ്മള്‍ ദൈവത്തെ നിന്ദിച്ചുക്കൊണ്ടിരിക്കുന്നു. ദൈവമാതാവിന്റെ സന്ദേശങ്ങള്‍ക്ക് ചെവികൊടുക്കേണ്ട ശരിയായ സമയം ഇപ്പോഴാണ്. പ്രത്യേകിച്ച് മരിയന്‍ പ്രാര്‍ത്ഥനകളിലൂടെയും, അനുതാപ പ്രവര്‍ത്തികളിലൂടേയും.

നിത്യവും ജപമാല ചൊല്ലുവാനും, എല്ലാ വെള്ളിയാഴ്ചകളിലും അനുതാപ പ്രവര്‍ത്തികള്‍ ചെയ്യുവാനും, ആദ്യ അഞ്ച് ശനിയാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന കാണുകയും പാപപരിഹാരം ചെയ്യുവാനും മെത്രാപ്പോലീത്ത വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദിയുടെ ഭാഗമായാണ് സാന്‍ ഫ്രാന്‍സിസ്കോ അതിരൂപതയെ ദൈവമാതാവിന്റെ വിമലഹൃദയത്തിനു സമര്‍പ്പിച്ചത്.


Related Articles »