News - 2025
ഇറാഖ് കുര്‍ദ് പോരാട്ടം: നിനവേയില്‍ ക്രൈസ്തവ വിശ്വാസം അപ്രത്യക്ഷമാകുമെന്നു മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍ 13-10-2017 - Friday
ലിവര്‍പൂള്‍: ഇറാഖി സൈന്യവും, കുര്‍ദ്ദിസ്ഥാന്‍ ദേശീയവാദികളും തമ്മില്‍ യുദ്ധമുണ്ടായാല്‍ രണ്ടായിരത്തോളം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ക്രൈസ്തവ വിശ്വാസം ഇറാഖില്‍ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് മുന്നറിയിപ്പ്. അമേരിക്കന്‍ അഡ്വൈസറായ സ്റ്റീഫന്‍ റാഷേയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കത്തോലിക്കാ അഭിഭാഷകന്‍ കൂടിയായ ഇദ്ദേഹം ഇറാഖിലെ കുര്‍ദ്ദിസ്ഥാന്‍ മേഖലയിലെ കല്‍ദായന്‍ കത്തോലിക്കാ അതിരൂപതയായ ഇര്‍ബിലിലെ പുനരധിവാസ പദ്ധതികളുടെ ഡയറക്ടര്‍ കൂടിയാണ്.
നിനവേയിലെ ക്രൈസ്തവരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ച് കത്തോലിക്കാ, ഓര്‍ത്തഡോക്സ് മെത്രാന്‍മാര്‍ കൂടി സംയുക്തമായി പ്രസ്താവനയിറക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അര്‍ദ്ധസ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് സ്വതന്ത്ര കുര്‍ദ്ദിസ്ഥാനു വേണ്ടി നടത്തിയ ഹിതപരിശോധനയില്‍, 3.3 ദശലക്ഷത്തോളം വരുന്ന സമ്മതിദായകരില്‍ ഏതാണ്ട് 93 ശതമാനത്തോളം പേരും സ്വതന്ത്ര കുര്‍ദ്ദിസ്ഥാന് അനുകൂലമായാണ് വോട്ട് ചെയ്തത്.
ഹിതപരിശോധനയെത്തുടര്‍ന്ന്‍ കടുത്ത നടപടികളാണ് ഇറാഖി സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. നിലവിലുള്ള അവസ്ഥക്ക് അയവ് വന്നില്ലെങ്കില്‍ ഇസ്ലാമിക് സ്റ്റേറ്റ്സുമായുണ്ടായ യുദ്ധത്തിനേക്കാള്‍ വലിയ യുദ്ധത്തിനു നിനവേ മേഖല സാക്ഷ്യം വഹിക്കേണ്ടി വരും. ഐഎസ് അധിനിവേശ സമയത്ത് നേരിട്ടതിനേക്കാള്‍ വലിയ വിപത്തിനേയാണ് നേരിടേണ്ടി വരികയെന്നു ഇര്‍ബിലിലെ മെത്രാപ്പോലീത്തയായ ബാഷര്‍ വര്‍ദ്ദാ പറഞ്ഞിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാഖി ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസം ഇപ്പോള്‍ നടന്നില്ലെങ്കില്‍ പിന്നൊരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തെ എങ്ങനെയെങ്കിലും തടയുക എന്നതുമാത്രമാണ് ഇതിനൊരു പോംവഴി. അതിനായി ഇരുപാര്‍ട്ടികളുടെ മേലും കടുത്ത നയതന്ത്ര സമ്മര്‍ദ്ദം ചെലുത്തുകയാണ് അന്താരാഷ്ട്ര സമൂഹം ചെയ്യേണ്ടത്. അതിനുള്ള കഴിവും മാര്‍ഗ്ഗങ്ങളും പാശ്ചാത്യ രാജ്യങ്ങള്‍ക്കുണ്ട്. നിനവേയിലെ ക്രിസ്ത്യന്‍ മേഖല ഇരുപക്ഷത്തിനുമിടയിലായി വിഭജിക്കപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.