News

ഈജിപ്തില്‍ കോപ്റ്റിക് വൈദികന്‍ വെട്ടേറ്റു കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 14-10-2017 - Saturday

കെയ്‌റോ: ഈജിപ്തില്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍ അക്രമിയുടെ വെട്ടേറ്റു കൊല്ലപ്പെട്ടു. ഗ്രേറ്റര്‍ കയ്‌റോയിലെ എല്‍സലാമില്‍ എസ്ബറ്റ് ഗിര്‍ഗിസിലെ സെന്റ് ജൂലിയസ് പള്ളിയിലെ വൈദികനായ സമാന്‍ ഷെഹ്ദയാണു വ്യാഴാഴ്ച വധിക്കപ്പെട്ടത്. ക്രിമിനല്‍ പശ്ചാത്തലമുള്ള തീവ്രവാദിയാണ് അക്രമിയെന്നും ഇയാളെ അറസ്റ്റ് ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമാന്‍ ഷെഹ്ദയ്ക്കൊപ്പമുണ്ടായിരിന്ന മറ്റൊരു വൈദികനും ആക്രമണത്തിനിരയായി. ഈജിപ്തിലെ ക്രൈസ്തവരെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോ അടുത്തകാലത്ത്‌ ഐസിസ് പുറത്ത്‌ വിട്ടിരുന്നു. ഭീഷണിയെ തുടര്‍ന്നു ഉത്തര സീനായില്‍ നിന്നു മാത്രം നൂറുകണക്കിന്‌ ക്രൈസ്‌തവ കുടുബങ്ങള്‍ ഇതിനകം തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട്. രാജ്യത്തെ 90 കോടി ജനങ്ങളിൽ ഒൻപതു കോടിയാണ് ന്യൂനപക്ഷമായ കോപ്റ്റിക് ക്രൈസ്തവർ.

കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇക്കാലയളവില്‍ ഇസ്ലാമിക് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം ക്രൈസ്തവരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുന്നില്ല എന്ന കോപ്റ്റിക്‌ ക്രൈസ്തവരുടെ പരാതി ശരിവെക്കുന്നതാണ് പുതിയ ആക്രമണങ്ങള്‍.


Related Articles »