News - 2024

ഭൂതോച്ചാടനത്തിന് വേണ്ടിയുള്ള ഔദ്യോഗിക ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി

സ്വന്തം ലേഖകന്‍ 27-10-2017 - Friday

വാഷിംഗ്ടണ്‍: ഭൂതോച്ചാടനത്തിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും അടങ്ങിയ ഔദ്യോഗിക ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറക്കി. അമേരിക്കന്‍ മെത്രാന്‍ സമിതിയാണ് ആദ്യമായി ഇംഗ്ലീഷ് ഭാഷയില്‍ ഭൂതോച്ചാടനത്തിനും ക്രിയകള്‍ക്കും വേണ്ടിയുള്ള ഗ്രന്ഥം പുറത്തിറക്കിയത്. 1999-ല്‍ പുറത്തിറക്കിയ 'ഡി എക്സോര്‍സിസ്മിസ് എറ്റ് സപ്ലിക്കേഷനിബസ് ക്യൂബസ്ഡം' എന്ന ലാറ്റിന്‍ ഭാഷയിലുള്ള കൃതിയാണ് ഭൂതോച്ചാടനത്തിന് വേണ്ടി ഉപയോഗിച്ചുവന്നിരുന്നത്. 2014-ല്‍ ഗ്രന്ഥം ഇംഗ്ലീഷ് പരിഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമം അമേരിക്കന്‍ മെത്രാന്‍ സമിതി ആരംഭിക്കുകയായിരിന്നു.

തുടര്‍ന്നു മൂന്നു വര്‍ഷമായി നടത്തിയ അക്ഷീണപ്രയത്നത്തിന് വത്തിക്കാന്‍ ഈ വര്‍ഷം അംഗീകാരം നല്‍കുകയായിരിന്നു. അതേസമയം പുറത്തിറക്കിയ ഗ്രന്ഥം എല്ലാവര്‍ക്കും ലഭ്യമാകില്ല. അമേരിക്കയിലെ മെത്രാന്മാര്‍ വഴി ഭൂതോച്ചാടകരായ വൈദികര്‍ക്കും പണ്ഡിതര്‍ക്കും പ്രഫസര്‍മാര്‍ക്കും മാത്രമേ കോപ്പികള്‍ ലഭിക്കൂ. ബിഷപ്പിന്റെ അനുവാദം കൂടാതെ ഗ്രന്ഥം സ്വന്തമാക്കുവാന്‍ സാധിക്കില്ലായെന്നതും ശ്രദ്ധേയമാണ്.

ഭൂതോച്ചാടനത്തെ പറ്റി ഇംഗ്ലീഷ് ഭാഷയില്‍ ഗ്രന്ഥം പുറത്തിറക്കിയത് ശുശ്രൂഷയെ കൂടുതല്‍ ലഘൂകരിക്കുമെന്നും ക്ഷുദ്രോച്ചാടനത്തിന് കടന്നുവരുന്ന അനേകം വൈദികര്‍ക്ക് ഇത് സഹായകരമാകുമെന്നും യു‌എസ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് സെക്രട്ടറിയേറ്റ് ഓഫ് ഡിവൈന്‍ വര്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂ മെന്‍കെ പറഞ്ഞു. അന്ധകാരശക്തികള്‍ക്ക് നേരെയുള്ള പ്രാര്‍ത്ഥനകളുടെ പരിഭാഷയുള്‍പ്പെടുന്ന അനുബന്ധ പുസ്തകവും മെത്രാന്‍ സമിതി പുറത്തിറക്കിയിട്ടുണ്ട്. ഇത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും ഫാ. ആന്‍ഡ്രൂ പറഞ്ഞു.


Related Articles »