News - 2024

ഇറാഖില്‍ നിന്ന് ക്രൈസ്തവർ വീണ്ടും പലായനം ചെയ്യുന്നു

സ്വന്തം ലേഖകന്‍ 27-10-2017 - Friday

ബാഗ്ദാദ്: ഇറാഖി ഗവൺമെൻറും കുർദുകളും തമ്മിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ക്രൈസ്തവർ വീണ്ടും പലായനം ചെയ്യുന്നു. മൊസൂളിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന അസ്സീറിയൻ - കൽദായ - സിറിയക് വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്രൈസ്തവ നഗരമായ ടെലസ്കോഫിൽ നിന്നു ആയിരത്തോളം കുടുംബങ്ങളാണ് പലായനം ചെയ്യുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹംഗേറിയൻ ഗവൺമെന്റ് നൽകിയ ഇരുപത് ലക്ഷത്തോളം ഡോളർ ഉപയോഗിച്ച് പുനഃനിർമ്മാണം പൂർത്തിയാക്കിയ നഗരമായിരിന്നു ടെലസ്കോഫ്.

ഇറാഖിന്റെ സമീപ പ്രദേശമായ കുർദിസ്ഥാനിൽ നിന്നും പേഷ്മെർഗ സൈന്യമാണ് ഇറാഖി തദ്ദേശീയ ഭരണകൂടവുമായി ആക്രമണത്തിന് തുടക്കം കുറിച്ചത്. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ആക്രമണം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പുന:നിർമ്മാണം പൂർത്തിയാക്കിയ ഭവനങ്ങളും ഉപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇറാഖ് ഭരണകൂടം. ഇതോടെ ആയിരകണക്കിന് ക്രൈസ്തവര്‍ പലായനം ചെയ്യുകയാണ്. നേരത്തെ ഐ.എസ് തീവ്രവാദികളിൽ നിന്നും തിരിച്ചു പിടിച്ച പ്രദേശമാണ് പേഷ്മെർഗ.

തുടര്‍ന്നു ക്രൈസ്തവ ഗ്രാമത്തിന്റെ പുനരുദ്ധാരണത്തിനായി ഹംഗേറിയന്‍ ഗവണ്‍മെന്‍റ് ധനസഹായം നല്‍കുകയായിരിന്നു. എന്നാല്‍ പുനരുദ്ധാരണത്തിന് ശേഷവും അക്രമം രൂക്ഷമാകുകയായിരിന്നു. അതേസമയം ആക്രമികളെ തുരത്താൻ ശക്തമായ പ്രതിരോധാക്രമണത്തിനാണ് സൈന്യം തയ്യാറെടുക്കുന്നത്‌. പുലരും മുൻപേ ഗ്രാമം വിട്ട് പോകണമെന്ന നിർദ്ദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. ടെലസ്കോഫ് കൂടാതെ അസ്സീറിയൻ പട്ടണവും നാശനഷ്ടങ്ങൾക്കിരയായി. ഇറാഖിലെ മറ്റ് പ്രദേശങ്ങളും വാസയോഗ്യമല്ലയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അര്‍ദ്ധസ്വയംഭരണാവകാശമുള്ള കുര്‍ദ്ദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25ന് സ്വതന്ത്ര കുര്‍ദ്ദിസ്ഥാനു വേണ്ടി നടത്തിയ ഹിതപരിശോധന നടത്തിയിരിന്നു. ഇതേതുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. അതേസമയം പലായനം നിഷേധിച്ചുകൊണ്ട് വൈദികരും വിശ്വാസികളും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനേക്കാൾ സമാധാന ശ്രമങ്ങൾക്ക് പ്രാധാന്യം നൽകി, മനുഷ്യരുടെ ജീവനും വസ്തുവകകൾക്കും സംരക്ഷണമൊരുക്കണമെന്ന് കുർദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്‍റ് അഭ്യർത്ഥിച്ചു.


Related Articles »