News - 2024

നൈജീരിയായില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നാല്‍പത്തിയെട്ടോളം ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 28-10-2017 - Saturday

അബൂജ: നൈജീരിയായിലെ ഇസ്ളാമിക ഗോത്രസംഘടനയായ ഫുലാനി ഹെഡ്സ്മാന്‍ നടത്തിയ ആക്രമണത്തിൽ ഒന്‍പത് ദിവസത്തിനിടെ കൊല്ലപ്പെട്ടത് നാല്‍പത്തിയെട്ടോളം ക്രൈസ്തവര്‍. ഈ മാസം പകുതിയോടെ പ്ലേറ്റോയില്‍ നടന്ന ആക്രമണത്തിൽ ഉറങ്ങി കിടക്കുകയായിരുന്ന മുതിർന്നവരും സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന്‍ മോർണിംഗ് സ്റ്റാർ ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണ പരമ്പരയിൽ നിന്ന് ഗ്രാമവാസികൾക്ക് സംരക്ഷണമൊരുക്കാൻ ക്രൈസ്തവ നേതാക്കന്മാരും മനുഷ്യവകാശ പ്രവർത്തകരും നൈജീരിയൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദ സംഘടനകളോട് ചേർന്ന് ക്രൈസ്തവരെ ഉന്മൂലനം ചെയ്യുകയാണ് ഫുലാനി സംഘത്തിന്റെ ലക്ഷ്യമെന്ന്‍ നൈജീരിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവരുടെ വീടുകൾ തകര്‍ത്തും ആളുകളെ വധിച്ചും കഴിഞ്ഞ ഏതാനും ആഴ്ചകളായി ഫുലാനി സംഘത്തിന്റെ അധിനിവേശം ശക്തമാണെന്ന് നൈജീരിയൻ സൻവ്ര ഗ്രാമത്തിലെ ഇവാഞ്ചലിക്കൽ സഭാംഗം മോസസ് സോഹു പറഞ്ഞു.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇരുനൂറ്റിയമ്പതോളം വീടുകൾക്കു പുറമേ ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. കർഫ്യൂ നിലനിൽക്കുന്നതിനിടെ ന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന ആക്രമണത്തിൽ നൈജീരിയൻ ഭരണകൂടം ശക്തമായ നിലപാടെടുക്കണമെന്ന് ക്രൈസ്തവ സംഘടനാ നേതാവ് യാക്കുബു പാം അഭ്യർത്ഥിച്ചു. അതേസമയം പ്രദേശത്ത് മേജർ ജനറൽ അന്തോണി ആറ്റോൽഗാബേയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നേരത്തെ ഫുലാനി സംഘത്തെ തീവ്രവാദികളുടെ ഗണത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നൈജീരിയൻ മനുഷ്യവകാശ സംഘടന ഉയർത്തിയിരുന്നു. എന്നാൽ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടായിട്ടില്ല. നൂറു കണക്കിന് ക്രൈസ്തവരാണ് ഓരോ വർഷവും നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ വധിക്കപ്പെടുന്നത്. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുന്നൂറിനു മുകളില്‍ ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Related Articles »