News - 2024

മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവർ അഭയാർത്ഥികളല്ല, സത്യത്തിനു സാക്ഷ്യം വഹിക്കാന്‍ വിളിക്കപ്പെട്ടവര്‍: ഗ്രീക്ക് പാത്രിയാർക്കീസ്

സ്വന്തം ലേഖകന്‍ 30-10-2017 - Monday

വാഷിംഗ്ടൺ: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവർ അഭയാർത്ഥികളല്ലെന്നും ലോകത്തിൽ സത്യത്തിന്റെ വെളിച്ചമാകാൻ വിളിക്കപ്പെട്ടവരാണെന്നും അന്ത്യോക്യയിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് ജോൺ യസീഗി. മാതൃരാജ്യത്ത് സമാധാനവും സഹിഷ്ണുതയും തുടരുവാൻ പാശ്ചാത്യ ക്രൈസ്തവരുടെ സഹകരണം ആവശ്യമാണെന്നും വാഷിംഗ്ടണിൽ നടന്ന 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്ത്യന്‍ സോളിഡാരിറ്റി കോണ്‍ഫറന്‍സി'ല്‍ അദ്ദേഹം വ്യക്തമാക്കി.

ക്രൈസ്തവ പീഡനം തുടരുന്ന സാഹചര്യത്തില്‍ സത്യത്തിന് സാക്ഷികളാകാനും അതിനായി കുരിശുമരണം വരിക്കാനും തങ്ങൾ തയ്യാറാണ്. ക്രൈസ്തവരുടെ അവസ്ഥയും ആത്യന്തിക ലക്ഷ്യവും പ്രഖ്യാപിക്കാൻ അവകാശമനുവദിക്കണം. സമാധാന പുനഃസ്ഥാപനത്തിൽ പങ്കു വഹിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാൽ പലപ്പോഴും മാധ്യമങ്ങളിലൂടെ ജനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

എല്ലാ മതവിഭാഗക്കാരുടേയും പൊതു ഭവനമെന്ന രീതിയിൽ രാജ്യത്ത് ഐക്യം നിലനിർത്താനും തകർന്ന ഭവനങ്ങൾ പുന:നിർമ്മാണം നടത്താനും വഴിയൊരുക്കണം. പുറമെ നിന്നും നോക്കുന്നതില്‍ നിന്നും അതീവ ഗുരുതരമാണ് മധ്യപൂര്‍വ്വേഷ്യയിലെ അവസ്ഥ. ക്രൈസ്തവരും മുസ്ലിംങ്ങളും സഹവര്‍ത്തിത്വത്തോടെ ജീവിക്കുന്ന ഒരു അവസ്ഥ സംജാതമാകേണ്ടിയിരിക്കുന്നു. സമാധാനവും ഐക്യവും സദ്വാര്‍ത്തയുമാണ് ക്രൈസ്തവരുടെ സന്ദേശമെന്നും പാത്രിയാർക്കീസ് പറഞ്ഞു. മധ്യ കിഴക്കൻ ക്രൈസ്തവ ഭാവിയും അമേരിക്കൻ നേതൃത്വവും എന്ന വിഷയത്തിൽ നടന്ന സമ്മേളനം വ്യാഴാഴ്ചയാണ് സമാപിച്ചത്.

മധ്യപൂര്‍വ്വേഷ്യയില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കന്മാരും അമേരിക്കൻ നയതന്ത്രജ്ഞരും ഉല്‍പ്പെടേ നിരവധി പ്രമുഖരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. പീഡനമനുഭവിക്കുന്ന ക്രൈസ്തവരുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സഭകളേയും സംഘടനകളേയും യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) നേരിട്ടു സഹായിക്കുമെന്നു സമ്മേളനത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചിരിന്നു.


Related Articles »