News

മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനം വര്‍ദ്ധിക്കുന്നു; ആശങ്ക പങ്കുവെച്ച് കല്‍ദായ സഭാതലവന്‍

പ്രവാചകശബ്ദം 25-08-2022 - Thursday

ബാഗ്ദാദ്: ലോകം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും, യുക്രൈന്റെ മേലുള്ള റഷ്യന്‍ അധിനിവേശത്തേത്തുടര്‍ന്ന്‍ ഉടലെടുത്ത പ്രത്യേക സാഹചര്യവും മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനത്തിന് ആക്കം കൂട്ടിയെന്ന മുന്നറിയിപ്പുമായി കല്‍ദായ സഭാതലവന്‍. നിലവില്‍ ലോകം നേരിടുന്ന പ്രതിസന്ധികള്‍ സഭയുടെ ചാരിറ്റി, സാമൂഹ്യ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചതാണ് മധ്യ പൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ പലായനത്തിന് ആക്കം കൂട്ടിയതെന്നു ഓഗസ്റ്റ് 21 മുതല്‍ ബാഗ്ദാദില്‍ നടക്കുന്ന കല്‍ദായ മെത്രാന്മാരുടെ വാര്‍ഷിക സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേ കര്‍ദ്ദിനാള്‍ റാഫേല്‍ സാകോ പറഞ്ഞു. ലോകം നേരിടുന്ന പ്രതിസന്ധികളും, യൂറോപ്പില്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധവും മധ്യപൂര്‍വ്വേഷ്യയില്‍ സജീവമായിരുന്ന വിവിധ സഭാസംഘടനകളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സാമ്പത്തിക സുസ്ഥിരതയ കാര്യമായി ബാധിച്ചുവെന്ന് പാത്രിയാര്‍ക്കീസ് ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ, ദാരിദ്യം, പരിമിതമായ വൈദ്യുതി, ശുദ്ധജല ദൗർലഭ്യം തുടങ്ങിയവകൊണ്ട് കഷ്ടപ്പെടുന്ന ഇറാഖ്, സിറിയ, ലെബനോന്‍ എന്നീ രാഷ്ട്രങ്ങളിലെ ക്രിസ്ത്യന്‍ സഭകളുടെ സാമ്പത്തികാവസ്ഥയെ ഈ പ്രതിസന്ധികള്‍ ദോഷകരമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പാത്രിയാര്‍ക്കീസ്, രൂപതകളുടെ സാമ്പത്തിക ഉറവിടങ്ങള്‍ പരിമിതപ്പെട്ടുവെന്നും പറഞ്ഞു. തങ്ങളെ സഹായിച്ചുകൊണ്ടിരുന്ന ചാരിറ്റി സംഘടനകള്‍ ഇപ്പോള്‍ യുക്രൈനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സംഭാവനകളും, നേര്‍ച്ചയും കുറഞ്ഞു. കെട്ടിടങ്ങളുടെ വാടകയില്‍ കുറവ് വന്നതിന് പുറമേ, കൃത്യമായി വാടകയും ലഭിക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഫീസടക്കുവാന്‍ പോലും കഴിയാത്തതിനാല്‍ ക്രൈസ്തവര്‍ തങ്ങളുടെ കുട്ടികളുടെ ഫീസ്‌ ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പാത്രിയാര്‍ക്കീസ് പറഞ്ഞു.

സഭാ സ്ഥാപനങ്ങളുടെ സാമ്പത്തിക പൈതൃകം ഇപ്പോഴും ഭൂസ്വത്താണെന്ന് സമ്മതിച്ച പാത്രിയാര്‍ക്കീസ് നിലവിലെ പ്രതിസന്ധികള്‍ നേരിടുവാന്‍ തങ്ങളുടെ ആസ്ഥികള്‍ വില്‍ക്കേണ്ട സമയം വരുമോ എന്ന ആശങ്കയും പങ്കുവെച്ചു. താല്‍ക്കാലിക പരിഹാരമാര്‍ഗ്ഗങ്ങള്‍ വഴി മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യന്‍ സാന്നിധ്യം പിടിച്ചു നിറുത്തുന്നതിനോടുള്ള തന്റെ വിയോജിപ്പ്‌ പ്രകടിപ്പിച്ച പാത്രിയാര്‍ക്കീസ്, ക്രിസ്തീയ വിവേകത്തോടെ വിഷയം നോക്കികാണണമെന്നും പറഞ്ഞു. ക്രിസ്തുവുമായുള്ള ജീവനുള്ളതും, ആത്മീയവുമായ ബന്ധത്തിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. അപ്പസ്തോലന്മാരുടെ കാലഘട്ടത്തിലേപ്പോലെ എല്ലായ്പ്പോഴും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും അവയെല്ലാം മുഖാമുഖം നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഇറാഖില്‍ അധിനിവേശം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ക്രൂരതകള്‍ താങ്ങുവാന്‍ കഴിയാതെ മൊസൂളില്‍ നിന്നും, നിനവേ മേഖലയില്‍ നിന്നും ലക്ഷകണക്കിന് ക്രൈസ്തവരാണ് തങ്ങളുടെ വീടും സ്വത്തുവകകളും ഉപേക്ഷിച്ച് പലായനം ചെയ്തത്. പലായനം ചെയ്ത ക്രൈസ്തവരെ തിരികെ കൊണ്ടുവരുവാന്‍ പല വിധങ്ങളായ പദ്ധതികള്‍ ആവിഷ്ക്കരിച്ചുവെങ്കിലും ഇതൊന്നും കാര്യമായ വിധത്തില്‍ ഫലം ചെയ്തില്ല.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »