News - 2024

ക്രിസ്ത്യന്‍ വിരുദ്ധ ശക്തികളുടെ നിയന്ത്രണത്തില്‍ നിന്നും യൂറോപ്പ് പുറത്തുവരണമെന്നു ഹംഗേറിയൻ പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 03-11-2017 - Friday

ബുഡാപെസ്റ്റ്: ക്രിസ്ത്യന്‍ വിരുദ്ധ ശക്തികളുടേയും അന്താരാഷ്ട്ര ഇടപെടലുകളുടെയും നിയന്ത്രണത്തില്‍ നിന്നും യൂറോപ്പ് പുറത്തു വരണമെന്നു ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ക്രിസ്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതരീതി സംരക്ഷിക്കേണ്ടത് തന്റെ ഗവണ്‍മെന്റിന്റെ ദൗത്യമാണെന്നും യൂറോപ്പിനേയും ഹംഗറിയേയും ഉന്നതങ്ങളില്‍ എത്തിച്ച ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ അധിഷ്ഠിതമായ ഗവണ്‍മെന്റുകളാണ് ഇപ്പോഴത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രൊട്ടസ്റ്റന്‍റ് നവോത്ഥാനത്തിന്റെ 500-മത് വാര്‍ഷികാഘോഷത്തിനിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

ദശാബ്ദങ്ങളോളം കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ട ഹംഗേറിയന്‍ ജനത സോവിയറ്റ് യൂണിയന്റെ പതനത്തോടെ തങ്ങളുടെ ക്രിസ്തീയ പാരമ്പര്യമനുസരിച്ചുള്ള ഭരണഘടനക്ക് രൂപം നല്‍കി. “ദൈവം ഹംഗറിക്കാരെ അനുഗ്രഹിക്കട്ടെ” എന്ന് പറഞ്ഞുകൊണ്ടാണ് ഹംഗറിയുടെ ഭരണഘടന തുടങ്ങുന്നത് തന്നെ. ഒഴുക്കിനൊപ്പം മുന്നോട്ട് പോകാതെ നമ്മുടെ സ്വന്തം ലക്ഷ്യത്തേയും, വഴികാട്ടിയേയും ഹംഗറി തിരഞ്ഞെടുത്തു. ഇത് രാഷ്ട്രത്തിന്റെ നിലനില്‍പ്പിനാവശ്യമായ മാര്‍ഗ്ഗം കാണിച്ചു തരും. ലോകശക്തികളുമായി ഒരുമിച്ച് പോകേണ്ടതുണ്ടെങ്കിലും നമ്മള്‍ ഇപ്പോഴും നമ്മുടെ കാലുകളില്‍ തന്നെയാണ് നില്‍ക്കുന്നത്.

നിയന്ത്രണമില്ലാത്ത അഭയാര്‍ത്ഥി പ്രവാഹത്തിന് എതിരെയുള്ള പ്രചാരണങ്ങളേയും, യൂറോപ്യന്‍ യൂണിയന്റെ അഭയാര്‍ത്ഥി നയങ്ങളേ ഹംഗറി പിന്തുണക്കാത്തതിനേയും പ്രധാനമന്ത്രി ന്യായീകരിച്ചു. നേരത്തെ നിര്‍ബന്ധിത അഭയാര്‍ത്ഥി നയങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിച്ചതിനാല്‍ ഹംഗറി യൂറോപ്യന്‍ യൂണിയന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. "ദൈവം ഹംഗേറിയന്‍ ജനതയെ രക്ഷിക്കട്ടെ എന്ന് നമുക്ക് ഒരുമിച്ച് പ്രാര്‍ത്ഥിക്കാം, ദൈവത്തിനു സ്തുതി" എന്ന് പറഞ്ഞുകൊണ്ടാണ് ഒര്‍ബാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Related Articles »