News

165 വിശുദ്ധരുടെ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ച ജപമാല: ട്രംപിന് കത്തോലിക്കാ വൈദികന്റെ സമ്മാനം

സ്വന്തം ലേഖകന്‍ 07-11-2017 - Tuesday

മാഡിസണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അദ്ദേഹത്തിനു 165 വിശുദ്ധരുടെ തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ച കോംബാറ്റ് ജപമാല അയച്ചുകൊണ്ട് കത്തോലിക്ക വൈദികന്‍. 165 വിശുദ്ധരുടെ ഫസ്റ്റ് ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന തിരുശേഷിപ്പുകളില്‍ സ്പര്‍ശിച്ച ജപമാലകളും ആശംസാ കത്തുമാണ് മാഡിസണ്‍ രൂപതയിലെ ഫാദര്‍ റിച്ചാര്‍ഡ് ഹെയില്‍മാന്‍ എന്ന വൈദികന്‍ അയച്ചിരിക്കുന്നത്.

നാല് 'കോംബാറ്റ് ജപമാല'കളാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, ചീഫ് ഓഫ് സ്റ്റാഫ് ജെന. ജോണ്‍ കെല്ലി, പ്രസിഡന്റിന്റെ പ്രത്യേക ഉപദേഷ്ടാവ് കെല്ല്യാനെ കോണ്‍വേ തുടങ്ങിയവര്‍ക്കായാണ് ജപമാലകള്‍. രണ്ടാം ലോകമഹായുദ്ധക്കാലത്ത് സൈനികര്‍ക്ക് നല്‍കിയിരുന്ന 'സര്‍വീസ് ജപമാല’ക്കു സമാനമായ ശക്തമായ ലോഹനിര്‍മ്മിതമായ ജപമാലകളാണ് കോംബാറ്റ് ജപമാലകള്‍.



അത്ഭുതകരമായ അനുഗ്രഹങ്ങളുടെ ഉറവിടം കൂടിയാണ് ഈ ജപമാലകളെന്നു ഫാദര്‍ റിച്ചാര്‍ഡ് ഹെയില്‍മാന്‍ പ്രസിഡന്റിനെഴുതിയ കത്തില്‍ പറയുന്നു. പ്രസിഡന്റിനും, പ്രഥമവനിതക്കും, ഉപദേഷ്ടാക്കള്‍ക്കും വേണ്ടിയുള്ള പതിനായിര കണക്കിന് ആളുകളുടെ പ്രാര്‍ത്ഥനയുടെ ഒരു പ്രതീകമാണ് ഈ ജപമാലകളെന്നും അദ്ദേഹം കുറിച്ചു.

തിരഞ്ഞെടുപ്പ് കാലത്ത് പതിനായിരകണക്കിന് ആളുകള്‍ ഒരുമിച്ച് “നൊവേന ഫോര്‍ ഔര്‍ നേഷന്‍” എന്ന പേരില്‍ 54 ദിന ജപമാല ചൊല്ലിയ കാര്യവും അദ്ദേഹം തന്റെ കത്തില്‍ സ്മരിച്ചു. നവംബര്‍ 8-ന് സന്ധ്യക്ക് 7 മണിയോടടുപ്പിച്ച് പ്രസിഡന്റിനു വേണ്ടി താന്‍ അര്‍പ്പിക്കുന്ന ജപമാലയില്‍ രാജ്യത്തെ മുഴുവന്‍ കത്തോലിക്കരും പങ്കു ചേരണമെന്നും ഫാദര്‍ റിച്ചാര്‍ഡ് ഹെയില്‍മാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.


Related Articles »