India - 2024

മാര്‍ ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം ഇന്ന്

സ്വന്തം ലേഖകന്‍ 08-11-2017 - Wednesday

തലശ്ശേരി: തലശ്ശേരി അതിരൂപതയുടെ പ്രഥമ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം ഇന്നു നടക്കും. തലശ്ശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്കു തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ഒന്‍പതിനു സാന്‍ജോസ് മെട്രോപൊളീറ്റന്‍ സ്‌കൂളില്‍നിന്നു പ്രത്യേകം തയാറാക്കിയ വേദിയിലേക്കുള്ള പ്രദക്ഷിണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം ആര്‍ച്ച് ഡീക്കനാകും. സഹായമെത്രാന്റെ നിയമനം സംബന്ധിച്ച നിയമനപത്രം അതിരൂപത ചാന്‍സലര്‍ റവ. ഡോ. തോമസ് തെങ്ങുംപള്ളില്‍ വായിക്കും. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ പ്രസിഡന്റും സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നല്‍കും.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടക്കുന്ന ഹ്രസ്വമായ ചടങ്ങില്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ ഡോ. എം. സൂസപാക്യം, ബല്‍ത്തങ്ങാടി ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ദേവസ്യ കൊങ്ങോല എന്നിവര്‍ ആശംസകള്‍ നേരും. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എളൂക്കുന്നേല്‍ നന്ദി പറയും. വിവിധ രൂപതകളിലെ 48 ബിഷപ്പുമാര്‍, വികാരി ജനറാള്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയസാമൂഹികസാംസ്‌കാരികരംഗങ്ങളിലെ പ്രമുഖര്‍, വൈദികര്‍, കന്യാസ്ത്രീകള്‍, അല്മായ പ്രതിനിധികള്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുക്കും.

1969 ഡിസംബര്‍ മൂന്നിനു പാംബ്ലാനിയില്‍ തോമസ് മേരി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായാണ് റവ.ഡോ ജോസഫ് പാംപ്ലാനിയുടെ ജനനം. തലശ്ശേരി ചരല്‍ ഇടവാകാംഗമായ അദ്ദേഹം 1997 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചു. 2001-ല്‍ ലൂവൈന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയി പഠനത്തിന് പ്രവേശിച്ച അദ്ദേഹം ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. 2006-ല്‍ നാട്ടില്‍ തിരിച്ചെത്തി തലശ്ശേരി ബൈബിള്‍ അപ്പസ്തോലേറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പ്രസംഗകനും ധ്യാനഗുരുവുമായ ഡോ ജോസഫ് പാംപ്ലാനിക്കു മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ജര്‍മ്മന്‍, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ട്.


Related Articles »