News

മയക്കുമരുന്ന് വേട്ടയുടെ പേരിലുള്ള കൊലപാതകം അവസാനിപ്പിക്കുവാന്‍ പ്രാര്‍ത്ഥനായത്നവുമായി ഫിലിപ്പീന്‍സ്

സ്വന്തം ലേഖകന്‍ 09-11-2017 - Thursday

മനില: മയക്കുമരുന്ന് വേട്ടയുടെ പേരിലുള്ള കൊലപാതക പരമ്പരയും മാഫിയ സംഘർഷങ്ങളും അവസാനിക്കുന്നതിനായി പ്രാര്‍ത്ഥനായത്നവുമായി ഫിലിപ്പീന്‍സ് കത്തോലിക്ക സമൂഹം. ഇതിന്റെ ഭാഗമായി നവംബർ അഞ്ചിന് തലസ്ഥാന നഗരിയായ മനിലയിലെ കത്തോലിക്ക ദേവാലയത്തിൽ നിന്നു ആരംഭിച്ച മെഴുകുതിരി പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. റാലിയ്ക്ക് ബിഷപ്പുമാരും വൈദികരും സന്ന്യസ്തരും നേതൃത്വം നൽകി. പ്രദക്ഷിണത്തിന് മുന്നോടിയായി നടന്ന ദിവ്യബലിയിൽ ദേശീയ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച് ബിഷപ്പ് സോക്രട്ടീസ് വില്ലേഗാസ് സന്ദേശം നൽകി.

ഫിലിപ്പീൻ മിലിട്ടറിയുടേയും പോലീസിന്റെയും സഹകരണം, പ്രശ്ന പരിഹാരത്തിന് ബിഷപ്പ് ആവശ്യപ്പെട്ടു. ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടനടി നടപടിയാരംഭിക്കണം. ദൈവത്തിങ്കലേക്ക് തിരിയാനും അവിടുത്തെ ആഹ്വാനമനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം ആഹ്വാനം നല്‍കി. സമാധാനപരമായ നീക്കങ്ങളേക്കാൾ കൊലപാതകങ്ങളെ ന്യായീകരിക്കുന്ന ജനതയും നാടിന് ശാപമാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഐക്യം ലക്ഷ്യമാക്കി പ്രവർത്തിക്കാൻ വിളിക്കപ്പെട്ട സഭാ നേതൃത്വം മറ്റുള്ളവരെ വിലയിരുത്താനും തെറ്റിനെ ചൂണ്ടിക്കാണിക്കുവാനുമാണ് ശ്രമിക്കുന്നത്. സ്വന്തം ആത്മാവിനെ നഷ്ടമാക്കി കുടുംബത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരേയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വിനയത്തിന്റെയും വിശ്വസ്തതയുടേയും അടയാളമാകുക എന്നതിനേക്കാൾ അധികാരത്തിന്റെയും പ്രശസ്തിയുടേയും മാർഗ്ഗം പിന്തുടരുന്ന സഹപ്രവർത്തകർക്കും ബിഷപ്പ് തന്റെ സന്ദേശത്തില്‍ മുന്നറിയിപ്പ് നൽകി.

വിശ്വാസികളുടെ പങ്കാളിത്തം മൂലം ശുശ്രൂഷകൾ വൻ വിജയമായിരുന്നുവെന്ന് മനില സഹായമെത്രാൻ ബിഷപ്പ് ബ്രോഡെറിക്ക് പറഞ്ഞു. അതേസമയം പ്രാർത്ഥനയിലൂടെ സമാധാനം പുന:സ്ഥാപിക്കാനും അതുവഴി രാജ്യത്തിന്റെ അക്രമണ പരമ്പരകൾ അവസാനിപ്പിക്കാനും മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഭരണകൂടത്തിന്റെ നീക്കങ്ങളിൽ അന്യായമായി കൊല്ലപ്പെട്ടവർക്ക് ഒരു മാസം നീണ്ടു നില്ക്കുന്ന പ്രാർത്ഥനകൾ നടത്താനും മെത്രാന്‍ സമിതി തീരുമാനിച്ചിട്ടുണ്ട്.

മയക്കുമരുന്നു മാഫിയയ്യ്ക്കെതിര തുറന്ന പോരാട്ടത്തിനു ആഹ്വാനം ചെയ്ത ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് സംശയമുള്ളവരെ വെടിവെയ്ക്കാനും നേരത്തെ ഉത്തരവിട്ടിരിന്നു. ജനങ്ങൾക്കും പ്രശ്നത്തിൽ ഇടപെടാൻ അധികാരം നല്‍കിയതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളം പേരാണ് വധിക്കപ്പെട്ടത്. എന്നാല്‍ പതിമൂവായിരത്തിനടുത്തു ആളുകള്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ നല്‍കുന്ന സൂചന.


Related Articles »