News - 2025

ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി കർദ്ദിനാൾ ഫിലിപ്പ് നേരി ചുമതലയേറ്റു

പ്രവാചകശബ്ദം 04-01-2025 - Saturday

ന്യൂഡല്‍ഹി: ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്‌സ് കോൺഫറൻസ് പ്രസിഡന്റായി ഗോവ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവൊ ചുമതലയേറ്റു. ഏഷ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റും മ്യാൻമറിലെ ബിഷപ്പ്സ് കോൺഫറന്‍സ് പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ചാള്‍സ് ബോ സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണ് ജനുവരി 1നു അദ്ദേഹം സ്ഥാനമേറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22-ന് ബാങ്കോക്കിൽ നടന്ന അവസാന സെൻട്രൽ കമ്മിറ്റി യോഗത്തിൽ ഭാരതത്തിന്റെ ലത്തീന്‍ മെത്രാന്‍ സമിതി പ്രസിഡന്‍റ് കൂടിയായിരിന്ന കർദ്ദിനാൾ ഫിലിപ്പ് നേരിയെ തെരഞ്ഞെടുത്തുവെങ്കിലും ജനുവരി 1നാണ് സ്ഥാനമേറ്റെടുത്തത്.

വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയിൽ ആഗോള സുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലെ അംഗം കൂടിയാണ് കർദ്ദിനാൾ ഫിലിപ്പ് നേരി. 2022 ഓഗസ്റ്റ് 27-ന് ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി ഫെറോയെ കർദ്ദിനാളായി ഉയർത്തിയത്. ഫിലിപ്പീൻസിലെ കല്ലോകന്‍ ബിഷപ്പ് പാബ്ലോ വിർജിലിയോ ഡേവിഡ് വൈസ് പ്രസിഡൻ്റായും ടോക്കിയോ ആർച്ച് ബിഷപ്പ് ടാർസിസിയോ കിക്കുച്ചി ഫെഡറേഷൻ്റെ സെക്രട്ടറി ജനറലായും തിരഞ്ഞെടുക്കപ്പെട്ടിരിന്നു.

ഏഷ്യൻ മെത്രാന്‍ സമിതിയില്‍ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളിൽപ്പെട്ട ഇന്ത്യയിലെ എല്ലാ ബിഷപ്പുമാരും ഉൾപ്പെടുന്നുണ്ട്. ഏഷ്യയിലെ 19 മെത്രാന്‍ സമിതികള്‍ക്കും എട്ട് അസോസിയേറ്റ് സമിതികള്‍ക്കുമാണ് കോണ്‍ഫറന്‍സില്‍ അംഗത്വമുള്ളത്. ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, ലാവോസ്, കംബോഡിയ, മലേഷ്യ-സിംഗപ്പൂർ-ബ്രൂണൈ, ഇന്തോനേഷ്യ, തിമോർ ലെസ്റ്റെ, ഫിലിപ്പീൻസ്, കൊറിയ, ജപ്പാൻ തുടങ്ങിയ വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസുകളിലെ അംഗങ്ങള്‍ സമിതിയില്‍ ഉള്‍പ്പെടുന്നുണ്ട്.


Related Articles »