News - 2024

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സിറിയയില്‍ സജീവം: പ്രതീക്ഷയോടെ ക്രൈസ്തവര്‍

സ്വന്തം ലേഖകന്‍ 11-11-2017 - Saturday

ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് അഴിച്ചുവിട്ട ആക്രമണങ്ങളുടെയും ആഭ്യന്തരയുദ്ധത്തിന്റെയും ക്ലേശങ്ങള്‍ക്കു താത്ക്കാലിക അറുതിയായതോടെ പുതിയ പ്രതീക്ഷയുമായി ക്രൈസ്തവര്‍. കഴിഞ്ഞ ദിവസമാണ് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) സിറിയയിലെ അവസാനത്തെ പ്രധാന താവളമായ അൽബു കമൽ നഗരം സിറിയൻ പട്ടാളം തിരിച്ചുപിടിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. അൽബു കമൽ നഗരത്തിന്റെ മോചനം ഐഎസിന്റെ അന്ത്യത്തെക്കുറിച്ചു ശക്തമായ സൂചനയാണു നൽകുന്നതെന്നും സിറിയൻ സൈന്യം അവകാശപ്പെട്ടിട്ടുണ്ട്.

ഇസ്ളാമിക സ്റ്റേറ്റ്സിനെതിരെ സിറിയൻ സഖ്യസേന നേടിയ ഏറ്റവും പുതിയ വിജയത്തിന് മുൻപ് തന്നെ യുദ്ധത്തിൽ ഛിന്നഭിന്നമായ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് ആലപ്പോയിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ് ജീൻബാർട്ട് പറഞ്ഞു. ആഗസ്റ്റിൽ നടന്ന നൈറ്റ് ഓഫ് കൊളംബസ് അന്താരാഷ്ട്ര സമ്മേളനത്തിൽ ക്രിസ്ത്യൻ ജനസംഖ്യയിൽ പകുതിയിലേറെപ്പേർ സംഘർഷം മൂലം സിറിയ വിട്ടതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തോടെ പ്രതീക്ഷയോടെ നോക്കി കാണുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

യുദ്ധത്തിൽ തകർന്ന തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളും ഭവനങ്ങളും സ്ഥാപനങ്ങളും പുതുക്കിപ്പണിയാനുള്ള പദ്ധതികൾക്ക് രൂപം നൽകിക്കഴിഞ്ഞു. ആലപ്പോ നഗരത്തിലെ എല്ലാ ഭാഗങ്ങളും ഇപ്പോൾ സുരക്ഷിതമാണ്. വീടുകളിൽ വൈദ്യുതിയും കുടിവെള്ളവും ലഭ്യമായിട്ടുണ്ട്. എല്ലാ സ്‌കൂളുകളും പ്രവർത്തിച്ചുതുടങ്ങി. സർവ്വകലാശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ സേവനങ്ങൾ പുന:സ്ഥാപിച്ചുകഴിഞ്ഞു. സാമ്പത്തിക മേഖലയുടെ ഉണർവ്വ് നിരവധി ആളുകൾക്ക് തൊഴിൽ ലഭ്യമാക്കും. നിരവധി പദ്ധതികളിൽ ഒന്നിന്റെ തുടക്കം മാത്രമാണിത്.

ഓഫീസും ബിസിനസ് മേഖലകളും പുനസ്ഥാപിക്കാനും നിരവധി വ്യവസായികളും വ്യാപാരികളും ആലപ്പോയിലേക്ക് മടങ്ങിവരുന്നത് തങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. കൂടാതെ, ഭവനനിർമ്മാണത്തിനും സ്‌കൂളുകളും പൊതു സാമൂഹ്യസ്ഥാപനങ്ങളും പുതുക്കിപ്പണിയാനും നിരവധി സർക്കാർ പദ്ധതികളുമുണ്ട്. ഈ അനുഗ്രഹീതമായ നഗരം ദൈവത്തിന്റെ ദ്യഷ്ടിയുടെ താഴെ തങ്ങൾക്കും മധുരവും സുഖപ്രദവുമായ ജീവിതം നൽകിയിട്ടുണ്ട്. നമ്മുടെ പരീക്ഷണം അവസാനിച്ചിരിക്കുന്നു. ആർച്ച് ബിഷപ്പ് ജാൻബാർട്ട് പറഞ്ഞു.കഴിഞ്ഞ ഏഴ് വർഷമായി ആലപ്പോയിൽ നിന്നുള്ള ക്രൈസ്തവരുടെ കൂട്ടപ്പലായനം തടയാനുള്ള ശ്രമത്തിലായിരുന്നു ആർച്ച് ബിഷപ്പ് ജീൻ ക്ലെമന്റ്.

കുറച്ച് മാസങ്ങൾക്ക് മുൻപ് സിറിയയുടെ പുനരുദ്ധാരണത്തെപ്പറ്റി ചിന്തിക്കുമ്പോൾ വിഡ്ഢിത്തമായി തോന്നിയിരുന്നതായും എന്നാൽ തങ്ങളിപ്പോൾ സമാധാനത്തിന്റെ ദീർഘനിശ്വാസം ഉതിർക്കുകയാണെന്നും ഫ്രാൻസിസ്‌കൻ വൈദികനായ ഫാ. ബഹ്ജാത് കാരക്കാച്ച് പറഞ്ഞു. വിദ്യാഭ്യാസമാണ് സിറിയയെ പുതുക്കിപ്പണിയുന്നതിനുള്ള ആദ്യപടിയെന്ന് കുട്ടികളുടെ അഭയാർത്ഥി കേന്ദ്രം നടത്തുന്ന സിസ്റ്റർ യോല പ്രതികരിച്ചു. അക്രമപരമ്പരകള്‍ക്ക് ശേഷം 900 ആളുകൾ തിരിച്ചു വരുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും 90 വീടുകളുടെ പണി പൂര്‍ത്തിയായതായും അവനൈർ എന്ന ഇറ്റാലിയൻ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.


Related Articles »