News - 2024

ഗര്‍ഭചിദ്രത്തിന്റെ ക്രൂരതയെ വെളിപ്പെടുത്തുന്ന പോസ്റ്ററുകളാല്‍ നിറഞ്ഞ് റോം

സ്വന്തം ലേഖകന്‍ 21-11-2017 - Tuesday

റോം: ഗര്‍ഭചിദ്രത്തിന്റെ ക്രൂരതയെ വെളിപ്പെടുത്തുന്ന ആയിരകണക്കിന് പോസ്റ്ററുകള്‍ റോമില്‍ പ്രത്യക്ഷപ്പെട്ടു. അജ്ഞാതരായ പ്രോലൈഫ് പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്ന് കരുതപ്പെടുന്നു. ജീവന്റെ മഹത്വത്തെ നിന്ദിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ റോമന്‍ ജനത ഉണര്‍ന്നെഴുന്നേല്‍ക്കണമെന്ന ആഹ്വാനമാണ് പോസ്റ്ററുകളില്‍ ഉടനീളം കാണുന്നത്. ഇറ്റലിയില്‍ അബോര്‍ഷന്‍ നിയമാനുസൃതമാക്കിയിട്ട് 40 വര്‍ഷമാകുവാനിരിക്കെയാണ് ഭ്രൂണഹത്യയുടെ ക്രൂരതകളെ വെളിപ്പെടുത്തിക്കൊണ്ട് റോമില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ആരാണ് ഈ പോസ്റ്ററുകള്‍ അച്ചടിച്ചതെന്നോ, പതിപ്പിച്ചതെന്നോ കണ്ടുപിടിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്. 1978-ല്‍ ഇറ്റലിയില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കിയതുമുതല്‍ ഓരോ അഞ്ചുമിനിട്ടിലും ഓരോ ശിശുക്കള്‍ വീതം കൊല്ലപ്പെടുന്നുവെന്നും മരണപ്പെട്ട കുഞ്ഞുങ്ങളെ ഓര്‍ക്കാം തുടങ്ങിയ വാചകങ്ങളും പോസ്റ്ററില്‍ ഉണ്ട്. ഭ്രൂണത്തെ മുറിച്ചുമാറ്റുന്ന കത്രിക പോലെയുള്ള ഉപകരണം ഗര്‍ഭപാത്രത്തിലുള്ള ഒരു ശിശുവിനെ തേടിചെല്ലുന്ന ചിത്രവും പോസ്റ്ററിലുണ്ട്.

അബോര്‍ഷനെതിരായ പോസ്റ്ററുകള്‍ റോമില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഇറ്റാലിയന്‍ പ്രോലൈഫ് സംഘടനയായ പ്രോ-വിറ്റാ ഓണ്‍ലസ് റോമന്‍ അധികാരികളുടെ സമ്മതത്തിനായി കാത്തിരിക്കുമ്പോഴാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നു ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ മാര്‍ക്കോ ടൊസ്സാട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ സംഘടനയുടെ പോസ്റ്ററുകളില്‍ നിന്നും വ്യത്യസ്തമായ പോസ്റ്ററുകളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന കാര്യവും അദ്ദേഹം എടുത്തുപറയുന്നുണ്ട്.

പോസ്റ്ററുകളിലെ സന്ദേശം വളരെ ശക്തവും സത്യത്തെ പ്രതിനിധാനം ചെയ്യുന്നതുമാണെന്ന് പ്രോ-വിറ്റാ ഓണ്‍ലസിന്റെ പ്രസിഡന്റായ ടോണി ബ്രാണ്ടി പറഞ്ഞു. ജീവന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നല്ല യുദ്ധം മുന്നോട്ട് കൊണ്ടുപോകണമെന്നും അദ്ദേഹം പോസ്റ്ററുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്ററുകള്‍ പതിക്കുവാന്‍ തങ്ങള്‍ അനുവാദം ചോദിച്ചപ്പോള്‍ നിസ്സംഗതാ മനോഭാവമാണ് റോമന്‍ അധികാരികള്‍ പുലര്‍ത്തിയതെന്നും ടോണി കൂട്ടിച്ചേര്‍ത്തു.


Related Articles »