News - 2025
പുതിയ അബോര്‍ഷന്‍ അനുകൂല ബില്ലിലും സാത്താനിക് അബോര്‍ഷന്‍ ക്ലിനിക്കിലും ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക മെത്രാന്മാര്‍
പ്രവാചകശബ്ദം 13-02-2023 - Monday
ന്യൂയോര്‍ക്ക്: പുതിയ അബോര്‍ഷന്‍ അനുകൂല ബില്ലും, സാത്താനിക് അബോര്‍ഷന്‍ ക്ലിനിക്കെന്ന് സ്വയം വിശേഷിപ്പിക്കുന്ന അബോര്‍ഷന്‍ ക്ലിനിക്കിന്റെ പദ്ധതിയും ഒരുങ്ങുന്ന സാഹചര്യത്തില്‍ ആശങ്കയുമായി കത്തോലിക്ക മെത്രാന്മാര്‍. ജീവന്റെ വിശുദ്ധി സംരക്ഷിക്കണമെന്ന് സംസ്ഥാനത്തെ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചുകൊണ്ട് ന്യൂ മെക്സിക്കോയിലെ കത്തോലിക്കാ മെത്രാന്‍മാരാണ് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്ന്‍ സംസ്ഥാനത്തെ അബോര്‍ഷന്‍ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമത്തിലാണ് ന്യൂമെക്സിക്കോയിലെ ഡെമോക്രാറ്റിക് ഭരണകൂടം. ഇതിനിടയിലാണ് ‘സാമുവല്‍ അലിറ്റോ’സ് മോം’സ് സാത്താനിക് അബോര്‍ഷന്‍ ക്ലിനിക്കിന്റെ വരവ്. മസാച്ചുസെറ്റ്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാത്താനിക് ടെംപിളിന്റെ ഭാഗമാണിത്. ഭ്രൂണഹത്യകള്‍ നടത്തുവാനും, തങ്ങളുടെ അബോര്‍ഷന്‍ പൈശാചിക ആചാരങ്ങള്‍ വ്യാപിപ്പിക്കുവാനുമാണ് സംഘടന ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്.
സംഘടനയുടെ വെബ്സൈറ്റുവഴി ലഭിച്ചു കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്ക് നികുതിയിളവുണ്ട്. സംഘടന വാഗ്ദാനം ചെയ്യുന്ന സൗജന്യ ഭ്രൂണഹത്യ ആഗ്രഹിക്കുന്നവര്‍ സംഘടനയുടെ അബോര്‍ഷന്‍ ആചാരങ്ങളില്‍ പങ്കെടുക്കണമെന്നാണ് വ്യവസ്ഥ. സംഘടനയുടെ ഭ്രൂണഹത്യ ആചാരം എന്താണെന്ന്‍ വ്യക്തമല്ല. അതേസമയം ഭ്രൂണഹത്യ മാരകമായ തിന്മയായതിനാല്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നത് വഴി അനേകരെ തിന്‍മയിലേക്ക് ആകൃഷ്ട്ടരാക്കാമെന്ന ചിന്തയാണ് സാത്താനിക് ടെംപിളിനുള്ളതെന്നു നിരീക്ഷിക്കപ്പെടുന്നു. ഈ ക്ലിനിക്കിനെതിരെ സംസ്ഥാനത്തെ കത്തോലിക്കാ മെത്രാന്മാര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബില്ലിനെ അപലപിച്ചുകൊണ്ട് ആര്‍ച്ച് ബിഷപ്പ് ജോണ്‍ വെസ്റ്റര്‍, ബിഷപ്പ് പീറ്റര്‍ ബാള്‍ഡാച്ചിനോ, ബിഷപ്പ് ജെയിംസ് വാള്‍, ന്യൂ മെക്സിക്കോ മെത്രാന്‍ സമിതി പ്രസിഡന്റ് അലന്‍ സാഞ്ചസ് എന്നിവര്‍ സംയുക്ത പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.
സാത്താനിക് ടെംപിള്‍ ഉന്നയിക്കുന്ന മതപരമായ അബോര്‍ഷന്‍ ആചാരത്തേക്കുറിച്ചു ചിന്തിക്കുമ്പോള്‍ തന്നെ ഭയമുണ്ടെന്ന് ഇവര്‍ പ്രസ്താവിച്ചു. “ന്യൂ മെക്സിക്കോ ഹൗസ് ബില്‍ 7: റിപ്രൊഡക്റ്റീവ് & ജെന്‍ഡര്‍-അഫേമിംഗ് ഹെല്‍ത്ത് കെയര്‍” ബില്‍, പ്രാദേശിക ഗവണ്‍മെന്റുകള്‍, സ്കൂള്‍ ജില്ലകള്‍ തുടങ്ങിയ പൊതു സംവിധാനങ്ങള്‍ പ്രത്യുല്‍പ്പാദന & ലിംഗഭേദം സ്ഥിരീകരിക്കല്‍ തുടങ്ങിയവക്കുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളെ തടയുകയോ, ഇടപെടുകയോ ചെയ്യുന്നത് നിരോധിക്കുന്ന ബില്ലാണ്. എന്നാല്‍ സ്കൂളുകളില്‍ ഈ ബില്ലിന്റെ പ്രസക്തിയെന്താണെന്നു മെത്രാന്മാര്‍ ചോദ്യമുയര്‍ത്തി. ഇത് സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ അബോര്‍ഷനും, ലിംഗമാറ്റ ശസ്ത്രക്രിയയും പ്രോത്സാഹിപ്പിക്കുവാന്‍ ടീച്ചര്‍മാരേ നിര്‍ബന്ധിതരാക്കുമെന്ന് മെത്രാന്മാര്‍ ആരോപിച്ചു. സാത്താനികം എന്നാണ് മെത്രാന്മാര്‍ ഈ ബില്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ പ്രോലൈഫ് പിന്തുണയും പ്രാര്‍ത്ഥനയും വിശ്വാസികള്‍ തുടരണമെന്നും മെത്രാന്‍മാര്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.