News

ക്രിസ്തുവിനെ മഹത്വപ്പെടുത്തി അമേരിക്കയില്‍ ഇരുപതിനായിരം പേരുടെ യുവജനസംഗമം

സ്വന്തം ലേഖകന്‍ 22-11-2017 - Wednesday

വാഷിംഗ്ടൺ: യേശുവിന് സ്തോത്രഗീതങ്ങള്‍ ആലപിച്ച് അമേരിക്കയില്‍ ഇരുപതിനായിരത്തില്‍ അധികം യുവജനങ്ങൾ പങ്കെടുത്ത കത്തോലിക്ക യുവജന സംഗമം വിശ്വാസത്തിന്റെ ശക്തമായ സാക്ഷ്യമായി. ഇന്ത്യാനപോളിസിലെ ലൂക്കാസ് ഓയിൽ സ്‌റ്റേഡിയത്തിൽ നവംബർ 16 ന് ആരംഭിച്ച സമ്മേളനത്തിൽ രാജ്യത്തെ എല്ലാ രൂപതകളിൽ നിന്നുമുള്ള യുവജനങ്ങളുടെ സാന്നിധ്യമുണ്ടായിരിന്നു. സംഗമത്തില്‍ കുമ്പസാരം, വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ ആരാധന, അനുഭവസാക്ഷ്യം പങ്കുവെയ്ക്കല്‍ തുടങ്ങിയവയും വിവിധ കലാപരിപാടികളും നടന്നു.

ഇന്ത്യാനപോളിസ് ആർച്ച് ബിഷപ്പ് ചാൾസ് തോംപ്സൺ യുവജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്നുവെങ്കിലും എല്ലാവരും ദൈവത്തിന്റെ മക്കളാണെന്നും അവിടുത്തെ അറിയാൻ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'വിളിക്കപ്പെട്ടവർ ' എന്ന സമ്മേളനത്തിന്റെ പേര് തന്നെ യുവജനങ്ങളെക്കുറിച്ച് ദൈവത്തിന്റെ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര കത്തോലിക്ക പ്രാസംഗികനും എഴുത്തുകാരനുമായ ക്രിസ് സ്റ്റഫാനിക് തന്റെ അനുഭവങ്ങളിലൂടെ ദൈവസ്നേഹത്തെക്കുറിച്ച് വിവരിച്ചു.

സ്നേഹത്തിന് മേൽ പടുത്തുയർത്തിയതാണ് ക്രൈസ്തവ വിശ്വാസം. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന ഏക വചനത്തിൽ ദൈവസ്നേഹം ആരംഭിക്കുന്നു. എന്നാൽ, നിരീശ്വരവാദത്തിന് പിന്നാലെ പോകുന്ന യുവജനങ്ങളും കുറവല്ല. സൃഷ്ടിയുടെ മഹത്വം മനസ്സിലാക്കുക വഴി നാം ദൈവത്തിങ്കലേക്ക് കൂടുതലായി അടുക്കുകയാണ്. ദൈവസ്നേഹത്താൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന്റെ പൂർണത അവിടുത്തെ കണ്ടെത്തുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.

ദൈവത്തെ ധിക്കരിച്ചപ്പോഴാണ് പാപം ഈ ലോകത്തിലേക്ക് കടന്നു വന്നത്. തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം ലോകത്തെ അത്ര മാത്രം സ്നേഹിച്ചുവെന്ന വചനമാണ് നാം ഓരോരുത്തരും അവിടുത്തേയ്ക്ക് എത്ര വിലപ്പെട്ടവരാണെന്ന് കാണിച്ചു തരുന്നത്. ദൈവസ്നേഹത്തിനു മുൻപിൽ അതെയെന്ന പ്രത്യുത്തരത്തോടെ നിലകൊള്ളുവാന്‍ നമ്മുക്ക് കഴിയണമെന്നും സ്റ്റഫാനിക് യുവജനങ്ങളോട് ആഹ്വാനം ചെയ്തു.

ദൈവത്തെ സ്തുതിക്കുക, പാപത്തെയോർത്ത് അനുതപിക്കുക, നമ്മുടെ അവസ്ഥകൾ അറിയിക്കുക, തിരുഹിതത്തിനായി കാതോർക്കുക എന്നിവയായിരിക്കണം പ്രാർത്ഥനയുടെ ലക്ഷ്യമെന്ന് ന്യൂയോർക്ക് അതിരൂപത വൈദികൻ ഫാ.ജോസഫ് എസ്പലിയറ്റ് സന്ദേശം നൽകി. ഗാനാലാപനത്തിന് പുറമേ നടന്ന വിവിധങ്ങളായ പ്രാർത്ഥന ശുശ്രൂഷകൾ അനുതാപത്തിന്റെ ആവശ്യം മനസ്സിലാക്കി തന്നുവെന്ന് സംഗമത്തില്‍ പങ്കെടുത്തവർ വ്യക്തമാക്കി. രണ്ടു വർഷത്തിലൊരിക്കലാണ് സമ്മേളനം നടത്തി വരുന്നത്.


Related Articles »