News - 2024

ബംഗ്ലാദേശില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരിയും

സ്വന്തം ലേഖകന്‍ 24-11-2017 - Friday

വത്തിക്കാന്‍ സിറ്റി: അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും. ഡിസംബര്‍ ഒന്നിനു രാവിലെ ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യബലി മധ്യേ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് സുവിശേഷം വായിച്ച് വിശദീകരണം നല്‍കുക.

ബംഗ്ലാദേശിലെ വത്തിക്കാന്‍ നൂണ്‍ഷ്യോയും മലയാളിയുമായ ആര്‍ച്ച് ബിഷപ്പുമായ ജോര്‍ജ് കേച്ചേരിയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ഇരുവരുടെയും പ്രത്യേക സാന്നിധ്യം ഭാരതസഭയ്ക്ക് ലഭിക്കുന്ന അംഗീകാരമാകും. മാര്‍പാപ്പയുടെ ചരിത്രപ്രധാനമായ ദക്ഷിണേഷ്യന്‍ യാത്ര 27നാണ് ആരംഭിക്കുക.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് മ്യാന്‍മറിലെ പ്രധാനപ്പെട്ട നഗരമായ യാംഗൂണിലെത്തുന്ന മാര്‍പാപ്പ പിന്നീടു തലസ്ഥാനമായ നായിപിഡോയും സന്ദര്‍ശിക്കും. മുപ്പതിനു വൈകുന്നേരം മുതല്‍ ഡിസംബര്‍ രണ്ടു വൈകുന്നേരം വരെയാണു ബംഗ്ലാദേശ് സന്ദര്‍ശനം. മ്യാന്‍മര്‍, ബംഗ്ലാദേശ് പ്രസിഡന്റുമാര്‍ അടക്കമുള്ളവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ചകളും നടത്തുന്നുണ്ട്. മ്യാന്‍മറിലെയും ബംഗ്ലാദേശിലെയും രോഹിംഗ്യകളുടെ പീഡനങ്ങളും അഭയാര്‍ത്ഥി പ്രശ്‌നങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തോടെ ആഗോള തലത്തില്‍ ചര്‍ച്ചയ്ക്ക് വഴിതെളിയിക്കുമെന്നാണ് കരുതപ്പെടുന്നത്.


Related Articles »