News - 2024

വത്തിക്കാന്‍ സന്ദര്‍ശനത്തിനു വിലക്കേർപ്പെടുത്തിക്കൊണ്ട് ചൈനീസ്‌ ഭരണകൂടം

സ്വന്തം ലേഖകന്‍ 24-11-2017 - Friday

ബെയ്ജിംഗ്: മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം, കത്തോലിക്ക സഭയുടെ ആസ്ഥാനകേന്ദ്രമായ വത്തിക്കാന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി. വത്തിക്കാനിലേക്ക് വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്നും ട്രാവല്‍ ഏജന്‍സികളെ വിലക്കിക്കൊണ്ടുള്ള സെന്‍ട്രല്‍ ഗവണ്‍മെന്റിന്റെ ഉത്തരവ്‌ നവംബര്‍ 16-നാണ് ട്രാവല്‍ എജന്‍സികള്‍ക്ക് ലഭിച്ചത്. പലാവു ദ്വീപിലേക്കുള്ള സന്ദര്‍ശനത്തിനും ചൈന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ചൈനീസ്‌ നാഷണല്‍ ടൂറിസം അഡ്മിനിസ്ട്രേഷന്റെ (CNTA) ഉത്തരവനുസരിച്ച് വത്തിക്കാനിലേക്കും പലാവുവിലേക്കും വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിച്ചാല്‍ കടുത്ത ശിക്ഷയാണ് ലഭിക്കുക. ഉത്തരവ് ലംഘിച്ച രണ്ട് ട്രാവല്‍ ഏജന്‍സികളോട് 3 ലക്ഷത്തോളം യുവാന്‍ (45,000 അമേരിക്കന്‍ ഡോളര്‍) ഇതിനോടകം തന്നെ പിഴയായി അടക്കുവാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ശക്തമായ പരിശോധനകളാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അധികാരികള്‍ നടത്തിവരുന്നത്.

വത്തിക്കാനും, പലാവുവും തായ്‌വാനുമായി അടുത്ത നയതന്ത്രബന്ധം കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളാണ്. തായ്‌പേയിയില്‍ നിന്നും നയതന്ത്ര ബന്ധങ്ങളെ ബെയ്ജിംഗിലേക്ക് മാറ്റുവാനുള്ള ചൈനീസ്‌ സര്‍ക്കാറിന്റെ ശ്രമമായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ചൈനയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് വിനോദസഞ്ചാരികളെ അയക്കുവാന്‍ അനുവാദമുള്ള 127 രാജ്യങ്ങളുടെ പട്ടിക ചൈനീസ്‌ നാഷണല്‍ ടൂറിസം അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. തായ്‌വാനുമായി നയതന്ത്ര ബന്ധമുള്ള 20 രാജ്യങ്ങളില്‍ ഒരു രാജ്യത്തിന്റെ പേര് പോലും ഈ പട്ടികയിലില്ല.

പൗരാവകാശങ്ങള്‍ക്ക് മേലുള്ള ചൈനീസ്‌ സര്‍ക്കാറിന്റെ കടന്നുകയറ്റമായിട്ടും, തായ്‌വാനുമായുള്ള ബന്ധങ്ങള്‍ ഉപേക്ഷിക്കുവാന്‍ വത്തിക്കാന്റെ മേലുള്ള സമ്മര്‍ദ്ദമായിട്ടുമാണ് ഈ നടപടിയെ കണക്കാക്കുന്നത്. തായ്‌വാനുമായുള്ള ബന്ധം വത്തിക്കാന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ സ്ഥിതി പരിഹരിക്കപ്പെടുകയുള്ളൂവെന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന മതപീഡനം രൂക്ഷമാകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നിയന്ത്രണം.


Related Articles »