News

കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു ആശംസകളുമായി വത്തിക്കാന്‍ സംഘം

സ്വന്തം ലേഖകന്‍ 01-12-2017 - Friday

വത്തിക്കാന്‍ സിറ്റി: വിശുദ്ധ അന്ത്രയോസിന്റെ തിരുനാള്‍ ദിനത്തില്‍ സഭൈക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് അടക്കമുള്ള വത്തിക്കാന്‍റെ ആറ് ഔദ്യോഗിക പ്രതിനിധികള്‍ ഇസ്താംബൂളില്‍ എത്തി കിഴക്കിന്‍റെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കിസ്, ബര്‍ത്തലോമിയോ ഒന്നാമന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ബുധനാഴ്ച പാത്രിയാര്‍ക്കല്‍ ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനകളിലും മറ്റ് തിരുകര്‍മ്മങ്ങളിലും സഭൈക്യത്തിന് വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കോച്ച് അടക്കമുള്ളവര്‍ പങ്കെടുത്തിരിന്നു. കഴിഞ്ഞ ദിവസം നടന്ന സഭൈക്യ സംഗമത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം കര്‍ദ്ദിനാള്‍ കോച്ച് വായിച്ചു.

കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെയും എക്യുമെനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെയും മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാള്‍ കഴിഞ്ഞ ദിവസമാണ് ആചരിക്കപ്പെട്ടത്. സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം കഫര്‍ണാമില്‍നിന്നുമുള്ള അന്ത്രയോസ് അപ്പസ്തോലന്‍ പത്രോസിന്‍റെ സഹോദരനായിരുന്നു (മത്തായി 4:18). രണ്ടുപേരെയും ക്രിസ്തുവിന്‍റെ ആദ്യശിഷ്യരായും ആദ്യ അപ്പസ്തോലന്മാരായും സഭ ആദരിക്കുന്നു.

ക്രിസ്തുവിന്‍റെ പ്രിയ ശിഷ്യരായിരുന്ന ഈ അപ്പോസ്തോലന്മാരുടെ തിരുനാളുകളുടെ അവസരങ്ങള്‍ പടിഞ്ഞാറും കിഴക്കും സഭകള്‍ തമ്മില്‍ സാഹോദര്യ സന്ദര്‍ശനങ്ങള്‍ നടത്തുന്നുവെന്നത് ശ്രദ്ധേയമാണ്. ജൂണ്‍ മാസത്തിലെ വിശുദ്ധ പത്രോസിന്‍റെ തിരുനാളില്‍ ഇസ്താംബൂളില്‍നിന്ന് പ്രതിനിധികള്‍ റോമിലേയ്ക്കും, വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ വത്തിക്കാനില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഇസ്താംബൂളിലേയ്ക്കും സന്ദര്‍ശനം നടത്തുകയും തിരുനാളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. സഭൈക്യ സന്ദര്‍ശന പരിപാടിയുടെ പതിവിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്.


Related Articles »