News - 2025
ആയിരത്തിമുന്നൂറു വര്‍ഷം പഴക്കമുള്ള പുരാതന ബൈബിള്‍ ഇംഗ്ലണ്ടിലേക്ക്
സ്വന്തം ലേഖകന്‍ 01-12-2017 - Friday
ലണ്ടന്‍: ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തിലെ ആയിരത്തിമൂന്നൂറു വര്‍ഷം പഴക്കമുള്ള സമ്പൂര്‍ണ്ണ ലാറ്റിന്‍ ബൈബിള്‍ കോഡെക്സ് അമിയാറ്റിനൂസ് വീണ്ടും ഇംഗ്ലണ്ടിലേക്ക്. നിലവില്‍ ഫ്ലോറെന്‍സിലെ ലോറെന്‍ഷിയന്‍ ലൈബ്രറിയിലാണ് ബൈബിള്‍ സൂക്ഷിയ്ക്കുന്നത്. ഇംഗ്ലണ്ടിന്റെ ചരിത്രം, കല, സാഹിത്യം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുവാനാണ് പുരാതനമായ ഈ ബൈബിള്‍ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവരുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ലൈബ്രറി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
716-ല്‍ വെയര്‍മൗത്ത് ജാരോ ആശ്രമത്തിലെ ആശ്രമാധിപനായ സിയോള്‍ഫ്രിത്തിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്തംബ്രിയായിലെ വിദഗ്ദരായ സന്യാസിമാര്‍ തയാറാക്കിയതാണ് ലാറ്റിന്‍ ഭാഷയിലുള്ള ഈ സമ്പൂര്‍ണ്ണ ബൈബിള്‍. അരമീറ്ററോളം ഉയരവും, 34കിലോഗ്രാം ഭാരവുമുള്ള ഒരു കൂറ്റന്‍ ബൈബിളാണിത്. ഇതിന്റെ താളുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടിമാത്രം ആയിരത്തിലധികം മൃഗങ്ങളുടെ ചര്‍മ്മമാണ് ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഉടന്‍തന്നെ ബൈബിള്‍ ഗ്രിഗറി രണ്ടാമന്‍ പാപ്പാക്ക് സമ്മാനിക്കുകയായിരുന്നു. അങ്ങനെയാണ് ബൈബിള്‍ ഇറ്റലിയിലെത്തുന്നത്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 18-മത്തെ നൂറ്റാണ്ടില്‍ ഈ ബൈബിള്‍ ലോറെന്‍ഷിയന്‍ ലൈബ്രറിയില്‍ എത്തിക്കുകയായിരിന്നു. സിയോള്‍ഫ്രിത്തിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ച മൂന്ന്‍ ബൈബിളുകളില്‍ ഒന്നാണിത്. മറ്റ് രണ്ടെണ്ണങ്ങളില്‍ ഒരെണ്ണം നഷ്ടപ്പെട്ടിരിന്നു. മൂന്നാമത്തേതിന്റെ കുറച്ച് ഭാഗം ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിക്കുന്നുണ്ട്. ഏറ്റവും പഴക്കമുള്ള സമ്പൂര്‍ണ്ണ ലാറ്റിന്‍ ബൈബിളാണിതെന്ന് ബ്രിട്ടീഷ് ലൈബ്രറിയുടെ മധ്യകാലഘട്ട കയ്യെഴുത്ത് പ്രതികളുടെ തലവനായ ക്ലെയര്‍ ബ്രീ പറഞ്ഞു.
ലിന്‍ഡിസ്ഫാര്‍ണെയിലെ സുവിശേഷ പ്രതികളും, പൂജരാജാക്കന്‍മാരുടെ കിരീടങ്ങളുടെ ഏറ്റവും പഴയ ചിത്രമടങ്ങുന്ന കയ്യെഴുത്ത് പ്രതികളും കോഡെക്സ് അമിയാറ്റിനൂസിനൊപ്പം എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എക്സിബിഷനിലെ ഏറ്റവും വലിയ ആകര്‍ഷണം കോഡെക്സ് അമിയാറ്റിനൂസായിരിക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. അടുത്തവര്‍ഷമാണ് പുരാതനചരിത്രം വിളിച്ചോതുന്ന എക്സിബിഷന്‍ നടക്കുക.