News - 2024

ക്രിസ്തുമസിനോട് അനുബന്ധിച്ച് ഇന്തോനേഷ്യയില്‍ അതീവ സുരക്ഷാ ജാഗ്രത

സ്വന്തം ലേഖകന്‍ 13-12-2017 - Wednesday

ജക്കാർത്ത: ഇസ്ളാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ സുരക്ഷ ശക്തമാക്കി. തീവ്രവാദ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന രാജ്യത്തു സുരക്ഷ മാനദണ്ഡങ്ങൾ ശക്തമാക്കിയതായും ക്രിസ്തുമസിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുവെന്നും പോലീസ് മേധാവി ജനറൽ ടിറ്റോ കാർണവിയൻ പറഞ്ഞു. ഡിസംബർ 23 മുതൽ ജനുവരി ഒന്നുവരെയുള്ള ക്രിസ്തുമസ് അനുബന്ധ അവധി ദിനങ്ങളിൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇരുപതിനായിരം ഏജന്റുമാരെ ജക്കാർത്തയിൽ മാത്രം നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

2000-ലെ ക്രിസ്തുമസ് രാത്രിയിൽ രാജ്യത്തെ പതിനൊന്നു ദേവാലയങ്ങളില്‍ നടത്തിയ ആക്രമണങ്ങളിൽ പതിമൂന്ന് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അന്ന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽക്വയ്ദ അനുകൂല സംഘടനയായ ജമ ഇസ്ലാമിയ ഏറ്റെടുത്തിരുന്നു. ഇതേ തുടർന്ന് ക്രിസ്തുമസിനോട് അനുബന്ധിച്ച് കനത്തസുരക്ഷയാണ് ഓരോ വര്‍ഷവും ഒരുക്കുന്നത്. ജമാ ഇസ്ളാമിയ തീവ്രവാദ സംഘടനയും ജമ അൻഷരൂറ്റ് ദൗള സംഘടനയുമാണ് സുരക്ഷാ ഭീഷണി ഉയർത്തുന്നത്.

ഇസ്ളാമിക സ്റ്റേറ്റ് ആസൂത്രണം ചെയ്ത നിരവധി ആക്രമണങ്ങൾ ഇന്തോനേഷ്യൻ പോലീസ് സംഘം വിഫലമാക്കിയിരുന്നു. അവധി ദിനങ്ങളിലാണ് ക്രൈസ്തവ കേന്ദ്രങ്ങൾ ഭീകരർ ലക്ഷ്യമിടുന്നത്. അതേസമയം ക്രിസ്ത്യൻ ആരാധനാലയങ്ങളും മറ്റ് അനുബന്ധ കെട്ടിടങ്ങളും സംരക്ഷിക്കാന്‍ ഏതാനും മുസ്ലിം സംഘടനകള്‍ തയാറാകുന്നുണ്ടെന്നും ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും വലിയ ഇസ്ളാമിക രാജ്യമായ ഇന്തോനേഷ്യയിലെ ക്രൈസ്തവരുടെ എണ്ണം പത്ത് ശതമാനത്തോളം മാത്രമാണ്.


Related Articles »