News - 2025
സിറിയയില്‍ ക്രൈസ്തവ വിശ്വാസം തിരികെ കൊണ്ടു വരുമെന്ന വാഗ്ദാനവുമായി റഷ്യന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 15-12-2017 - Friday
മോസ്ക്കോ: തീവ്രവാദവും ആഭ്യന്തരയുദ്ധവും വഴി തകര്‍ന്ന സിറിയയില്‍ ക്രൈസ്തവ വിശ്വാസം തിരിച്ചുകൊണ്ടു വരുമെന്ന വാഗ്ദാനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സിറിയയിലെ ചരിത്ര പ്രാധാന്യമുള്ള ക്രിസ്ത്യന്‍ മേഖലകളില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും, ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നുമാണ് പുടിന്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായും, മതസംഘടനകളുമായും സഹകരിച്ച് റഷ്യ സിറിയയില്‍ സന്നദ്ധ സഹായങ്ങള്‍ നല്‍കി വരികയാണ്. പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് സ്വന്തം ദേശത്തേക്ക് മടങ്ങിവരുവാന്‍ തക്കവിധം, എത്രയും പെട്ടെന്നു തന്നെ സമാധാനം സ്ഥാപിക്കേണ്ടതുണ്ട്. ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ട്. സിറിയയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ഭീഷണി ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള തീവ്രവാദി സംഘടനകളാണ്. ഭൂരിഭാഗം തീവ്രവാദികളേയും റഷ്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സിറിയന്‍ സായുധ സേന തുരത്തിയതായും പുടിന്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളിലൊന്നാണ് സിറിയയിലെ ക്രൈസ്തവര്‍. യേശു സംസാരിച്ചിരുന്ന അറമായ ഭാഷ സംസാരിക്കുന്ന സിറിയന്‍ ക്രിസ്ത്യാനികള്‍ ഇപ്പോഴും ഉണ്ട്. 2011-ല്‍ സിറിയയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ക്കാണ് ഇരയായത്. ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ പലായനം ചെയ്തത്.
ഇതേതുടര്‍ന്നു ക്രിസ്ത്യന്‍ ജനസംഖ്യ 30 ശതമാനത്തില്‍ നിന്നും 10 ശതമാനമായി കുറഞ്ഞു. സമാധാനാന്തരീക്ഷം സുസ്ഥിരമല്ലാത്തതിനാല്‍ പലായനം ചെയ്ത ക്രിസ്ത്യാനികള്‍ രാജ്യത്തേക്ക് മടങ്ങിവരുമോയെന്ന ആശങ്ക സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് നേരത്തെ പ്രകടിപ്പിച്ചിരിന്നു. ഈ സാഹചര്യത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ സിറിയയില്‍ നിന്ന്‍ പലായനം ചെയ്ത ക്രൈസ്തവര്‍ പ്രതീക്ഷയോടെ നോക്കികാണുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.