News - 2025
സത്‌നയില്‍ മലയാളി വൈദികന് എതിരെ വ്യാജകേസ്
സ്വന്തം ലേഖകന്‍ 16-12-2017 - Saturday
സത്‌ന: മധ്യപ്രദേശില്‍ ഗ്രാമവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയ വൈദികന്റെ പേരില്‍ കള്ളക്കേസ്. സത്‌ന സെന്റ് എഫ്രേംസ് സെമിനാരിയിലെ പ്രഫസറും ഗ്രാമീണ മേഖലകളിലെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ കോ ഓര്‍ഡിനേറ്ററുമായ ഫാ. ജോര്‍ജ് മംഗലപ്പിള്ളിക്കെതിരെയാണു തീവ്ര ഹൈന്ദവ സംഘടനയായ ബജ്റംഗ്ദള്ളിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്നു സത്‌ന സിവില്‍ ലൈന്‍ പോലീസ് കേസെടുത്തിട്ടുള്ളത്. ഗ്രാമവാസികളെ മതംമാറ്റത്തിനു പ്രേരിപ്പിച്ചുവെന്ന വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി സത്‌ന ജില്ലയിലെ ബുംകാര്‍ സ്വദേശിയാണു പരാതി നല്‍കിയത്. ഇയാളെ പണം നല്‍കി വൈദികന്‍ മാമ്മോദീസയ്ക്കു പ്രേരിപ്പിച്ചെന്നാണു പരാതിയിലുള്ളത്. എന്നാല്‍, പരാതിക്കാരനെ കണ്ട പരിചയം പോലുമില്ലെന്ന് ഫാ.മംഗലപ്പിള്ളി പറയുന്നു. അതേസമയം, വ്യാജപരാതിയില്‍ വൈദികനെതിരേ കേസെടുക്കാനും കോടതിയില്‍ ഹാജരാക്കാനും തിടുക്കം കാണിച്ച പോലീസ്, മര്‍ദിച്ചതിനും കാര്‍ തീയിട്ടതിനും അക്രമികള്‍ക്കെതിരേ വൈദികര്‍ കൊടുത്ത പരാതിയില്‍ ഇനിയും അറസ്റ്റിനു തുനിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ചു ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനു പരാതി നല്‍കിയിട്ടുണ്ടെന്നു സത്‌ന രൂപത വികാരി ജനറാള്‍ ഫാ.ജോണ്‍ തോപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സെന്റ് എഫ്രേംസ് സെമിനാരി റെക്ടര്‍ ഫാ.ജോസഫ് ഒറ്റപ്പുരയ്ക്കല്‍, വൈസ് റെക്ടര്‍ ഫാ.അലക്‌സ് പണ്ടാരക്കാപ്പില്‍, ഫാ.ജോര്‍ജ് മംഗലപ്പള്ളി എന്നിവരെയും മുപ്പതു വൈദിക വിദ്യാര്‍ഥികളെയും ബജ്റംഗ്ദള്ളിന്റെ വ്യാജ ആരോപണത്തെ തുടര്‍ന്നു സ്‌റ്റേഷനില്‍ രാത്രി മുഴുവന്‍ തടഞ്ഞുവെച്ചിരിന്നു. പിന്നീട് ഇവരെ സന്ദര്‍ശിക്കാനെത്തിയ ക്ലരീഷന്‍ വൈദികനായ ഫാ.ജോര്‍ജ് പേട്ടയിലിന്റെ കാര്‍ സ്‌റ്റേഷനു പുറത്ത് അക്രമികള്‍ അഗ്‌നിക്കിരയാക്കി. കാര്‍ പൂര്‍ണമായും കത്തിനശിച്ചിരിന്നു.