News - 2025

സ്‌കൂളുകളിൽ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന് ഹൈന്ദവ സംഘടന

സ്വന്തം ലേഖകന്‍ 18-12-2017 - Monday

ലക്നൗ: ക്രിസ്ത്യന്‍ സ്‌കൂളുകള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ആവശ്യപ്പെട്ട് തീവ്ര ഹൈന്ദവ സംഘടന. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ ഗ്രൂപ്പായ ഹിന്ദു യുവ നാഹിനിയുടെ പോഷക സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ചാണ് വിവാദമായ നിര്‍ദ്ദേശവുമായി ക്രിസ്ത്യന്‍ സ്കൂളുകളെ സമീപിച്ചിരിക്കുന്നത്. സ്‌കൂളുകളില്‍ ക്രിസ്തുമസ് ആഘോഷിക്കുന്നത് വിദ്യാര്‍ത്ഥികളെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുമെന്നാരോപിച്ചാണ് സംഘടന അലിഗറിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ഭൂരിഭാഗവും ഹിന്ദു കുട്ടികളാണെന്നും ക്രിസ്തുമസ് ആഘോഷങ്ങള്‍ ഇവരെ മതപരിവര്‍ത്തനത്തിലേക്ക് നയിക്കുമെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് ആരോപിക്കുന്നു. തങ്ങളുടെ ആവശ്യം സംബന്ധിച്ച് ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്ക് ഇന്ന്‍ കത്ത് നല്‍കുമെന്നും ഇത് അവഗണിച്ചാല്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജാഗരണ്‍ മഞ്ച് സിറ്റി പ്രസിഡന്റ് സോനു സവിത പറഞ്ഞു. രാജ്യത്തു ഓരോ ദിവസവും തീവ്രഹൈന്ദവ പ്രസ്ഥാനങ്ങള്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഘപരിവാര്‍ അനുകൂല സംഘടനയായ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മധ്യപ്രദേശിലെ സത്നയില്‍ ക്രിസ്തുമസ് കരോളിനിടെ വൈദികര്‍ അടക്കമുള്ള സംഘത്തിന് നേരെ ആക്രമണം നടത്തിയത്. അന്ന്‍ വൈദികരുടെ കാര്‍ സംഘം കത്തിച്ചിരിന്നു. ഗ്രാമവാസികള്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കിയ വൈദികന്റെ പേരില്‍ കള്ളക്കേസും സംഘടന ഉണ്ടാക്കിയിരിന്നു.


Related Articles »