News

നിരീശ്വരവാദിയായിരിന്ന മൈക്കേല്‍ ഇനി കത്തോലിക്ക വൈദികന്‍

സ്വന്തം ലേഖകന്‍ 18-12-2017 - Monday

റോം: നിരീശ്വരവാദത്തിന്റെ അടിമത്തത്തില്‍ നിന്നും രക്ഷപ്പെട്ട് പുതുജീവിതമാരംഭിച്ച അമേരിക്കന്‍ യുവാവ് ഇനി കത്തോലിക്ക വൈദികന്‍. പില്‍ക്കാലത്ത് ദൈവമില്ല എന്ന ചിന്തയോട് കൂടി ജീവിച്ച മൈക്കേല്‍ ബാഗ്ഗോട്ട് എന്ന യുവാവ് ക്രിസ്തു സത്യദൈവമാണെന്നു തിരിച്ചറിഞ്ഞു കത്തോലിക്ക സഭയില്‍ അംഗമാകുകയായിരിന്നു. പിന്നീട് സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം പത്തുവര്‍ഷത്തെ പഠനങ്ങള്‍ക്കും രൂപീകരണത്തിനും ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച (ഡിസംബര്‍ 16) സെന്റ്‌ പോള്‍ ബസലിക്കയില്‍ വെച്ചാണ് തിരുപട്ടം സ്വീകരിച്ചത്.

1985-ല്‍ ടെക്സാസിലായിരുന്നു മൈക്കേല്‍ ബാഗ്ഗോട്ട് ജനിച്ചത്. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തിന്റെ ഏറിയപങ്കും അദ്ദേഹം ചിലവഴിച്ചത് വിര്‍ജീനിയയിലായിരുന്നു. മൈക്കേലിന്റെ മാതാപിതാക്കള്‍ ജന്മം കൊണ്ട് കത്തോലിക്കരായിരുന്നുവെങ്കിലും വിശ്വാസത്തില്‍ നിന്നും അകന്ന നിലയിലായിരുന്നു ജീവിച്ചത്. എന്നാല്‍ ചെറുപ്പകാലത്ത് തന്റെ മുത്തശ്ശിയില്‍ നിന്നും മൈക്കേലിന് കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള നുറുങ്ങു ചിന്തകള്‍ ലഭിച്ചു. എങ്കിലും തന്റെ ചെറുമകനെ വിശ്വാസം അടിച്ചേല്‍പ്പിക്കുവാന്‍ ആ മുത്തശ്ശി തയാറായില്ല. പക്ഷേ ആ മുത്തശ്ശി മൈക്കേലിന് വേണ്ടി പ്രാര്‍ത്ഥന തുടര്‍ന്നു.

ദൈവത്തില്‍ നിന്നു അകന്നുള്ള മാതാപിതാക്കളുടെ ജീവിതവും ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അഭാവവും മൂലം മൈക്കേല്‍ നിരീശ്വരവാദത്തിലേക്ക് തിരിഞ്ഞു. ദൈവമില്ലെന്ന് സ്ഥാപിക്കുവാന്‍ തന്ത്രപ്പെട്ട നാളുകള്‍. ദൈവവിശ്വാസികള്‍ നല്ലവരാണെങ്കിലും ബുദ്ധിയില്ലാത്തവരാണ് എന്നായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്ന് മൈക്കേല്‍ പറയുന്നു. ഒരിക്കല്‍ ലൈബ്രറിയില്‍ വെച്ച് മൈക്കേല്‍ ആകസ്മികമായി ഒരു പുസ്തകം കണ്ടു.

“ദൈവത്തെക്കുറിച്ച് ബുദ്ധിജീവികള്‍ പറയുന്നതെന്ത്‌” എന്നായിരിന്നു ആ ഗ്രന്ഥത്തിന്റെ പേര്.

റൊണാള്‍ഡ്‌ റീഗനും, കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗറു (ബെനഡിക്ട് XVI-മന്‍ പാപ്പ) മായിരുന്നു അതിന് ആമുഖമെഴുതിയിരുന്നത്. ആ പുസ്തകം പതിയെ പതിയെ തന്നെ ദൈവവുമായി അടുപ്പിക്കുകയായിരിന്നുവെന്നു മൈക്കേല്‍ പറയുന്നു. എന്നാല്‍ യുക്തിയുടെ ചിന്തകള്‍ മൈക്കിളിനേ വീണ്ടും അലോസരപ്പെടുത്തി.

ഇതിനിടെ ഹൈസ്കൂള്‍ കാലത്ത് പരിചയപ്പെട്ട ഉറ്റസുഹൃത്ത് ഒരു ആഴമുള്ള കത്തോലിക്ക വിശ്വാസിയാണെന്നതും അവനെ വേദനിപ്പിച്ചു. തുടര്‍ന്നു തന്റെ കത്തോലിക്കാ സുഹൃത്തിനെ വിശ്വാസത്തില്‍ നിന്നും അകറ്റുവാനായി ബൈബിളിലെ വൈരുധ്യങ്ങള്‍ കണ്ടുപിടിക്കുവാന്‍ അവന്‍ ബൈബിള്‍ വായിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. എന്നാല്‍ ഓരോ വചനങ്ങളും അവനെ ശരിക്കും സ്പര്‍ശിച്ചു. മൈക്കിള്‍ യേശുവില്‍ ആകൃഷ്ടനായി.

ഇതിനിടെ വായിച്ച മിയര്‍ ക്രിസ്റ്റ്യാനിറ്റിയെന്ന സി.എസ് ലെവിസിന്റെ പുസ്തകവും അവനെ ഏറെ ചിന്തിപ്പിച്ചു. ക്രിസ്തു ജീവിക്കുന്നുവെന്നും കത്തോലിക്കാ സഭയാണ് ക്രിസ്തു സ്ഥാപിച്ച സഭയെന്നും അവന്‍ തിരിച്ചറിഞ്ഞു. അധികം വൈകാതെ മൈക്കേല്‍ വിഞ്ചെസ്റ്ററിലെ തിരുഹൃദയ ദേവാലയത്തിലെ വികാരിയായ ഫാ. മൈക്കേല്‍ സി. കെല്ലിയുമായി ബന്ധപ്പെട്ടു. ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതിന് മുന്നൊരുക്കമായുള്ള രൂപീകരണ ക്ലാസ്സില്‍ മൈക്കേല്‍ അംഗമായി.

2003 ഏപ്രില്‍ 19-ലെ ഈസ്റ്റര്‍ ദിനത്തില്‍ ജ്ഞാനസ്നാനവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വഴി കത്തോലിക്ക സഭയില്‍ അംഗമായി. 28 വര്‍ഷത്തെ ദൈവത്തില്‍ നിന്നുള്ള അകന്ന ജീവിതത്തില്‍ നിന്നും ദൈവത്തിന്റെ പ്രിയ മകനായി മൈക്കേല്‍ മാറി. പിന്നീട് യേശുവിന് വേണ്ടി മാത്രമുള്ള ജീവിതമായിരിന്നു മൈക്കേലിന്റെ ലക്ഷ്യം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം യേശുവിന്റെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കണമെന്ന ആഗ്രഹത്തോടെയാണു മൈക്കേല്‍ ലീജിയണറീസ് ഓഫ് ക്രൈസ്റ്റ് സഭയുടെ സെമിനാരിയില്‍ ചേരുന്നത്. പ്രാര്‍ത്ഥനയുടെയും ത്യാഗത്തിന്റെയും ഒരുക്കത്തിന്റെയും 10 വര്‍ഷങ്ങള്‍ പിന്നിട്ട് ഇക്കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം തിരുപട്ടം സ്വീകരിച്ചു.

വത്തിക്കാന്‍ പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഗിസെപ്പെ ബെര്‍ട്ടെല്ലോയാണ് മൈക്കേലിന് തിരുപട്ടം നല്‍കിയത്. ഇന്നലെ റോമിലെ ട്രിനിറ്റി ഓഫ് ദി പില്‍ഗ്രിംസ് ദേവാലയത്തിലാണ് മൈക്കേല്‍ ബാഗ്ഗോട്ട് തന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം നടത്തിയത്. മുന്നോട്ടുള്ള ജീവിതം യേശുവെന്ന ജീവിക്കുന്ന സത്യത്തെ പ്രഘോഷിക്കുവാന്‍ ഒരുങ്ങുകയാണ് ഫാ. മൈക്കേല്‍ ബാഗ്ഗോട്ട്.


Related Articles »