News - 2025

യഹൂദ വനിത ആലിസ് ഇന്ന് ലോകത്തോട് പ്രഘോഷിക്കുന്നു; "യേശുവാണ് എന്റെ മിശിഹ"

സ്വന്തം ലേഖകന്‍ 20-12-2017 - Wednesday

ലോസ് ആഞ്ചലസ്: “നിങ്ങള്‍ ചെയ്യുന്നത് എന്താണെങ്കിലും, യേശുവിന്റെ പ്രകാശം ദിനംപ്രതി നിങ്ങളില്‍ പ്രകാശിക്കും” ആലിസ് മെറിറ്റ്‌ എന്ന യഹൂദ സ്ത്രീയാണ് ഇത് പറയുന്നത്. കടുത്ത യഹൂദ മതവിശ്വാസിയായിരിന്ന താന്‍ യേശുവെന്ന സത്യത്തെ കണ്ടെത്തിയ കഥയാണ്‌ ആലിസിന് പറയുവാനുള്ളത്. സി‌ബി‌എന്‍ ന്യൂസാണ് ആലിസിന്റെ വിശ്വാസസാക്ഷ്യം പുറംലോകത്തെ അറിയിച്ചത്. കടുത്ത ജൂതമതവിശ്വാസിയായിരുന്ന ആലിസ് തന്റെ മതഗ്രന്ഥമായ ‘തോറ’ യില്‍ പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു.

വിജാതീയരുടെ വ്യാജ ദൈവമായിരുന്നു യേശുവെന്നാണ് താന്‍ കരുതിയിരുന്നതെന്നും യേശു ഒരു കത്തോലിക്കനും ഇറ്റലി സ്വദേശിയുമാരുന്നുവെന്നാണ് ആദ്യം മനസ്സിലാക്കിയിരുന്നതെന്നും ആലിസ് പറയുന്നു. ഹൈസ്കൂള്‍ പഠനത്തിനുശേഷം കോളേജില്‍ ചേരുവാനായി അവള്‍ക്ക് തന്റെ ഭവനം വിടേണ്ടിവന്നു. തൈര് വില്‍ക്കുന്ന ഒരു കടയില്‍ ജോലിക്ക് പ്രവേശിച്ച അവളുടെ ജീവിതത്തില്‍ അവിടെവെച്ചാണ് ശക്തമായ അനുഭവം ഉണ്ടായത്.

"ഞാന്‍ ജോലി ചെയ്യുന്ന കടയില്‍ ബൈബിളുമായി അലന്‍ എന്ന് പേരായ മനുഷ്യന്‍ കടന്നുവന്നു. നല്ല ഉയരവും വശ്യമായ കണ്ണുകളുമുള്ള ഒരു മനുഷ്യന്‍. ഇദ്ദേഹമാണ് യേശു ഒരു യഹൂദനായിരുന്നുവെന്നും, യേശുവാണ് ഏകരക്ഷകനെന്നുമുള്ള സത്യം ആദ്യമായി എന്നോട് പറഞ്ഞത്. പിന്നീട് അവധിദിവസങ്ങളില്‍ ഞാന്‍ പോകുന്ന പലസ്ഥലങ്ങളിലും അയാളെ കണ്ടു. പതിയെ പതിയെ സുവിശേഷത്തിന്റെ അര്‍ത്ഥവും പ്രാധാന്യവും അയാള്‍ വിവരിച്ചു തരുവാന്‍ തുടങ്ങി. രക്തം ചിന്താതെ പാപപരിഹാരം സാധ്യമല്ലെന്നും ലോകത്തിന്റെ പാപപരിഹാരത്തിനായി ബലിയര്‍പ്പിക്കപ്പെട്ട കുഞ്ഞാടാണ്‌ യേശുവെന്നും അദ്ദേഹം മനസ്സിലാക്കി തന്നു".

നീണ്ട ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് കാര്യങ്ങള്‍ ആലീസിന് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചത്. തന്റെ പാപപരിഹാരത്തിനായി ജീവന്‍ നല്‍കിയ കുഞ്ഞാടായിരുന്നു യേശുവെന്ന് അലന്‍ അവളെ ആഴത്തില്‍ പഠിപ്പിച്ചു. യഹൂദ വിശ്വാസത്തെ മുറുകെ പിടിച്ച അവള്‍ക്ക് ഈ സത്യത്തെ നിഷേധിക്കുവാന്‍ കഴിയുമായിരിന്നില്ല. ഒടുവില്‍ താന്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയായിരിന്നുവെന്ന് ആലീസ് പറയുന്നു. ഏറ്റവും അത്ഭുതകരമായ വസ്തുത തന്റെ ഈ വിശ്വാസ പരിവര്‍ത്തനത്തിന് ശേഷം ഒരുപാട് ശ്രമിച്ചുവെങ്കിലും അലനെ കണ്ടെത്തുവാന്‍ ആലിസിന് കഴിഞ്ഞില്ലായെന്നതായിരിന്നു.

അതിനുശേഷമാണ് ആലീസ് വലിയ ഒരു സത്യം തിരിച്ചറിയുന്നത്. അതിനെ കുറിച്ച് ആലീസ് പറയുന്നതു ഇങ്ങനെ, ഒരിക്കല്‍ താന്‍ തന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി. വളരെ യാദൃശ്ചികമായി അലന്റെ മുഖഛായയുള്ള ചിത്രം തന്റെ കൂട്ടുകാരിയുടെ വീടിന്റെ ഭിത്തിയില്‍ കണ്ടു. ഇത് ആര്? ഈ ചിത്രം എവിടെ നിന്നും ലഭിച്ചു എന്ന ചോദ്യത്തിന് ഞെട്ടിപ്പിക്കുന്ന മറുപടിയാണ് കൂട്ടുകാരിയില്‍ നിന്ന്‍ ലഭിച്ചത്. ഇത് ഒരു മാലാഖയാണെന്നും തന്റെ മരണശയ്യയില്‍ വന്ന് യേശു സുഖപ്പെടുത്തുവാന്‍ പോകുന്നുവെന്ന് പ്രവചിച്ച ആളായിരിന്നുവെന്നുമായിരുന്നു ആലിസിന്റെ കൂട്ടുകാരിയുടെ മറുപടി.

തന്റെ രക്ഷയ്ക്കായി ദൈവം അയച്ച ദൂതനായിരിന്നു അലനെന്ന സത്യം അപ്പോഴാണ് ആലീസ് തിരിച്ചറിഞ്ഞത്. തീര്‍ച്ചയായും ദൈവത്തിന്റെ അത്ഭുതകരമായ ഇടപെടലാണ് തന്നെ യേശുവുമായി അടുപ്പിച്ചതെന്ന് ആലീസ് വിശ്വസിക്കുന്നു. സത്യദൈവവുമായി അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്ന മറ്റ് യഹൂദ മതവിശ്വാസികള്‍ക്ക് ക്രിസ്തുവിനെ പകര്‍ന്നു കൊടുക്കുകയാണ് ഇന്നു ആലിസ്. ‘ഓട്ടം വിസ്പര്‍’ എന്ന ഗ്രന്ഥത്തില്‍ ആലീസ് താന്‍ യേശുവിനെ കണ്ടെത്തിയ കഥ വിശദമായി വിവരിച്ചിട്ടുണ്ട്.


Related Articles »