News - 2025
മധ്യപൂര്‍വേഷ്യയിലെ ക്രൈസ്തവ മതമര്‍ദ്ധനത്തില്‍ ആശങ്ക പങ്കുവെച്ച് ചാൾസ് രാജകുമാരൻ
സ്വന്തം ലേഖകന്‍ 21-12-2017 - Thursday
ലണ്ടൻ: മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളില്‍ ആശങ്ക പങ്കുവെച്ചുകൊണ്ട് ചാൾസ് രാജകുമാരൻ. ജീവിതത്തിനും മരണത്തിനും ഇടയിലെ തെരഞ്ഞെടുപ്പാണ് സിറിയയിലെ ജനങ്ങളുടെ ക്രൈസ്തതവ വിശ്വാസമെന്നും ബ്രിട്ടനിലെയും സമീപ പ്രദേശങ്ങളിലെയും ക്രൈസ്തവർ തങ്ങള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക സമൂഹത്തെയും മതമേലദ്ധ്യക്ഷന്മാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ മതപീഡനമേല്‍ക്കുക തികച്ചും ഖേദകരമാണ്. ലോകത്തിൽ എല്ലാറ്റിനും ഉപരിയായി മനുഷ്യർ തമ്മിൽ സൗഹൃദം നിലനിർത്താൻ സാധിക്കുക എന്നതാണ് ഇതിനൊരു പരിഹാരം. ശത്രുക്കളെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിന്റെ മാതൃക നാം സ്വീകരിക്കണം. പീഡനങ്ങൾക്ക് നടുവിലും യേശുവിനെ അനുകരിക്കുക എന്നത് ശ്രമകരമാണെങ്കിലും സാധ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മതസ്വാതന്ത്ര്യം നിലനിൽക്കുന്ന ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലെ വിശ്വാസികൾ കൂടുതൽ തീക്ഷണതയുള്ളവരാകണമെന്നും പ്രിന്‍സ് രാജകുമാരന്‍ ഓര്‍മ്മിപ്പിച്ചു. സിറിയയിൽ നടന്നു വരുന്ന മത മർദ്ധനങ്ങളിലെ തന്റെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പിംലികോയിലെ വിശുദ്ധ ബർണബാസ് ആംഗ്ലിക്കൻ ദേവാലയത്തിലാണ് ക്രൈസ്തവ സഭാധ്യക്ഷന്‍മാരുമായി ചാള്‍സ് രാജകുമാരന്‍ കൂടിക്കാഴ്ച നടത്തിയത്.