News - 2025
മുസ്ലീം വിദ്യാര്‍ത്ഥിയുടെ പരാതി: ജര്‍മ്മന്‍ സ്കൂള്‍ ക്രിസ്തുമസ് ആഘോഷം ഉപേക്ഷിച്ചു
സ്വന്തം ലേഖകന്‍ 23-12-2017 - Saturday
മ്യൂണിച്ച്: വടക്കന്‍ ജര്‍മ്മനിയിലെ ഏറെ പഴക്കമുള്ള സ്കൂളുകളില്‍ ഒന്നായ ലൂയിനെബെര്‍ഗിലുള്ള ജോഹാന്നിയം ജിംനേഷ്യം സ്കൂളില്‍ മുസ്ലീം വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നു ക്രിസ്തുമസ് ആഘോഷം ഉപേക്ഷിച്ചു. കരോള്‍ ഗാനങ്ങള്‍ തന്റെ മതവിശ്വാസത്തിന് വിരുദ്ധമാണെന്ന മുസ്ലീം വിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രിസ്തുമസ് ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചത്. ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിശ്വാസങ്ങളെകൂടി അധ്യാപകര്‍ കണക്കിലെടുക്കണമെന്ന പ്രാദേശിക വിദ്യാഭ്യാസ ബോര്‍ഡിന്റെ നിയമങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതെന്ന് സ്കൂള്‍ ഹെഡ്മാസ്റ്ററായ ഫ്രിഡറിക്ക് സുര്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. എന്നാല്‍ ഒരു തരത്തിലും ബോര്‍ഡിന്റെ നിയമങ്ങള്‍ ക്രിസ്ത്യന്‍ ഗാനങ്ങളെ വിലക്കുന്നില്ലെന്നും, സ്കൂളുകള്‍ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നുമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ വക്താവ് പറഞ്ഞത്. സ്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിനു തിരികൊളുത്തിയിരിക്കുകയാണ്. 600 വര്‍ഷം പഴക്കമുള്ള ജോഹാന്നിയം സ്കൂളില്‍ നിലവില്‍ യാതൊരു പ്രശ്നവുമില്ലാതിരുന്ന ഒരു കാര്യം ഇപ്പോഴെങ്ങിനെ പ്രശ്നമായി മാറിയെന്നാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ചോദിക്കുന്നത്.
അതേസമയം ജര്‍മ്മന്‍ കത്തോലിക്കാ സഭയിലെ വക്താക്കളും സ്കൂളിന്റെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ജര്‍മ്മനിയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്ന് ലോവര്‍ സാക്സണിലെ മെത്രാനായ ഫെലിക്സ് ബെര്‍ണാര്‍ഡ് പറഞ്ഞു. യേശുവിനെ ആഗമനത്തെ വിളിച്ചോതുന്ന കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നത് ഒരു മതപരമായ ചടങ്ങല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ക്രിസ്ത്യന്‍ രാജ്യത്ത് ക്രിസ്തുമസ് കാലത്ത് കരോള്‍ ഗാനങ്ങള്‍ പാടരുതെന്ന് പറയുന്നത് യുക്തിഹീനമാണെന്നു സഹായക മെത്രാനായ നിക്കോളാസ് ഷ്വെര്‍ഡ്ഫെജറും പറഞ്ഞു.