News - 2025
വത്തിക്കാനിലെ പുല്‍ക്കൂടിന് നേരെ അര്‍ദ്ധ നഗ്നയായ യുവതിയുടെ അതിക്രമം
സ്വന്തം ലേഖകന്‍ 26-12-2017 - Tuesday
വത്തിക്കാന്‍ സിറ്റി: ഇന്നലെ ക്രിസ്തുമസ് ദിനത്തില്‍ വത്തിക്കാനില്‍ സ്ഥിതിചെയ്യുന്ന പുല്‍ക്കൂടിന് നേരെ അര്‍ദ്ധനഗ്നയായ യുവതിയുടെ ആക്രമണം. യുക്രൈന്‍-ഫ്രഞ്ച് സ്ത്രീ സമത്വവാദി സംഘടനയായ ഫെമെന്‍ പ്രവര്‍ത്തകയായ യുവതിയാണ് നിരവധി വിശ്വാസികള്‍ നോക്കി നില്‍ക്കേ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിര്‍മ്മിച്ചിട്ടുള്ള പുല്‍കൂട്ടിലേക്ക് അര്‍ദ്ധനഗ്നയായി പ്രവേശിച്ചത്. പുല്‍ക്കൂടില്‍ നിന്നും ഉണ്ണിയേശുവിന്റെ രൂപം തട്ടിക്കൊണ്ടുപോകുവാന്‍ ശ്രമം നടന്നു. വത്തിക്കാന്‍ സ്വിസ്സ് ഗാര്‍ഡിന്റെ കൃത്യമായ ഇടപെടല്‍ മൂലം യുവതിയുടെ ശ്രമം ശ്രമം വിജയിച്ചില്ല.
“സ്ത്രീയാണ് ദൈവം” എന്ന് ആക്രോശിച്ചുകൊണ്ടാണ് പാന്റും ഷൂസും മാത്രം ധരിച്ച യുവതി പുല്‍ക്കൂട്ടിനരികിലേക്ക് പാഞ്ഞടുത്തത്. ഇതേ മുദ്രാവാക്യം തന്നെ അവരുടെ ശരീരത്തിന്റെ പുറകിലും എഴുതിചേര്‍ത്തിരുന്നു. ഫ്രാന്‍സിസ് പാപ്പ ക്രിസ്തുമസ് സന്ദേശം നല്‍കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് സംഭവം അരങ്ങേറിയത്. പുല്‍ക്കൂട്ടിനടുത്തെത്തിയ യുവതിയെ വത്തിക്കാന്‍ ഗാര്‍ഡ് തന്റെ കറുത്ത കോട്ട് വിരിച്ച് പിടിച്ചുകൊണ്ട് തടയുകയായിരുന്നു. Femen'ന്റെ വെബ്സൈറ്റില്‍ നിന്നും അലീസ വിനോഗ്രാഡോവ എന്നാണ് ഈ യുവതിയുടെ പേരെന്ന് വ്യക്തമായിട്ടുണ്ട്.
ക്രിസ്തുമസിന്റെ തലേന്ന് രാത്രിയിലും “സഭയാല്‍ ആക്രമിക്കപ്പെട്ടു” എന്ന് ശരീരത്തില്‍ എഴുതിവെച്ചുകൊണ്ട് Femen സംഘടനാ പ്രവര്‍ത്തകര്‍ വത്തിക്കാനിലെ തിരുപ്പിറവി ദൃശ്യത്തിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചിരുന്നു. സ്വവര്‍ഗ്ഗ വിവാഹത്തിനും ഭ്രൂണഹത്യയ്ക്കും എതിരെയുള്ള കത്തോലിക്ക സഭയുടെ ശക്തമായ നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്.
ഇതിനു മുന്‍പ് 2014-ലെ ക്രിസ്തുമസ് ദിനത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. അന്ന് കത്തോലിക്കാ സഭയ്ക്കെതിരായി മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് അര്‍ദ്ധനഗ്നയായ യുവതി പുല്‍ക്കൂട്ടില്‍ നിന്നും ഉണ്ണീശോയുടെ രൂപമെടുത്ത് തലക്ക് മുകളില്‍ പിടിച്ചിരിന്നു. 2008-ല്‍ യുക്രൈനിലാണ് സ്ത്രീസമത്വത്തിന് വേണ്ടി വാദിക്കുന്ന Femen എന്ന സംഘടന സ്ഥാപിതമാകുന്നത്. ഇപ്പോള്‍ പാരീസ് ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.