India - 2024

കെസിവൈഎം സംസ്ഥാന റൂബി ജൂബിലി ആഘോഷവും യുവജന അസംബ്ലിയും നാളെ മുതല്‍

സ്വന്തം ലേഖകന്‍ 27-12-2017 - Wednesday

തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ സംസ്ഥാന റൂബി ജൂബിലി ആഘോഷങ്ങളും യുവജന അസംബ്ലിയും 28, 29, 30 തീയതികളിലായി നടക്കും. തിരുവനന്തപുരം മാര്‍ ബസേലിയോസ് എന്‍ജിനിയറിംഗ് കോളജില്‍ ആണ് ആഘോഷം നടക്കുക. നാളെ രാവിലെ ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. മാത്യു ജേക്കബ് തിരുവാലില്‍, ഫാ. തോമസ് കയ്യാലയ്ക്കല്‍, സിസ്റ്റര്‍ സുമം എസ്ഡി, ഫാ. നോബിള്‍ തോമസ് പാറയ്ക്കല്‍, ഫാ. ബോവസ് മാത്യു, വിനോദ് നെല്ലയ്ക്കല്‍, സിറിയക് ചാഴികാടന്‍ എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.

വൈകുന്നേരം ആറിനു നടക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ നിര്‍വഹിക്കും. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു നല്ലില അധ്യക്ഷത വഹിക്കും. ബിഷപ്പ് വിന്‍സെന്റ് സാമുവല്‍, ബിഷപ്പ് ക്രിസ്തുദാസ്, ശബരീനാഥ് എംഎല്‍എ എന്നിവര്‍ മുഖ്യ അതിഥികളായി ചടങ്ങില്‍ സംബന്ധിക്കും. സിജോ അമ്പാട്ട്, എംസിവൈഎം തിരുവനന്തപുരം അതിഭദ്രാസന ഡയറക്ടര്‍ ഫാ. വര്‍ഗീസ് കിഴക്കേക്കര, സ്മിത ഷിബിന്‍, പോള്‍ ജോസ്, കിഷോര്‍ പ്രസന്നന്‍, ജോണി എന്നിവര്‍ പ്രസംഗിക്കും.

തുടര്‍ന്ന് നടക്കുന്ന എക്യുമെനിക്കല്‍ യൂത്ത് മീറ്റിംഗിന് ബിഷപ്പ് വിന്‍സെന്റ് മാര്‍ പൗലോസ് മുഖ്യാതിഥിയായിരിക്കും. രാത്രി എട്ടിന് മുന്‍ ഭാരവാഹികളുടെ നേതൃസംഗമവും നടക്കും. 29ന് രാവിലെ നടക്കുന്ന ദിവ്യബലിയില്‍ മലങ്കര കത്തോലിക്കാസഭ കൂരിയ ബിഷപ് യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മുഖ്യകാര്‍മികനായിരിക്കും. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, ഫാ. സെബാസ്റ്റ്യന്‍ പുത്തേന്‍, ജോയ് ഗോതുരുത്ത്, വി.സി. ജോര്‍ജുകുട്ടി, ജെറി പൗലോസ്, ഫാ. ജോളി വടക്കന്‍, ഫാ. പോള്‍ സണ്ണി, ഫാ. ജോസ് ആലഞ്ചേരി, ഫാ. വര്‍ഗീസ് വിനയാനന്ദ് എന്നിവര്‍ വിവിധ ക്ലാസുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.

വൈകുന്നേരം നടക്കുന്ന യുവജനവര്‍ഷാചരണ പ്രഖ്യാപനവും മീറ്റിംഗും കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് സൂസപാക്യം നിര്‍വഹിക്കും. യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജോസഫ് മാര്‍ തോമസ്, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, പിഒസി ഡയറക്ടര്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ സംബന്ധിക്കും. സംസ്ഥാന സമിതി സ്വരൂപിച്ച ഓഖി ദുരിതാശ്വാസ ഫണ്ട് കെസിബിസിക്കു കൈമാറും.

30ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് ആര്‍. ക്രിസ്തുദാസ് മുഖ്യകാര്‍മികനായിരിക്കും. വിനോദ് കെ. ജോസ്, ശശി തരൂര്‍ എംപി എന്നിവര്‍ പ്രസംഗിക്കും. യുവജന കമ്മീഷനു കീഴിലുള്ള വിവിധ കത്തോലിക്കാ യുവജനസംഘടനകളുടെ മീറ്റിംഗ് അന്നു നടക്കും, ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ എം. വിന്‍സെന്റ് എംഎല്‍എ മുഖ്യാതിഥിയായി പങ്കെടുക്കും. സീറോ മലബാര്‍ ലത്തീന്‍ സീറോ മലങ്കര എന്നീ മൂന്നു സഭാവിഭാഗങ്ങളിലെയും 32 രൂപതകളിലെ യുവജന പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.


Related Articles »