News - 2025
ഈജിപ്തിലെ ക്രൈസ്തവ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി
സ്വന്തം ലേഖകന്‍ 28-12-2017 - Thursday
കെയ്റോ: പുതുവർഷത്തിനും ജനുവരി ഏഴിന് ആഘോഷിക്കുന്ന കോപ്റ്റിക്ക് ക്രിസ്തുമസിനും ദിവസങ്ങള്‍ ശേഷിക്കേ ഈജിപ്തിലെ ക്രൈസ്തവ കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. അക്രമ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്കായി പതിനായിരകണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് അധികാരികള്‍ ഇതിനോടകം നിയോഗിച്ചിരിക്കുന്നത്. ദേവാലയങ്ങൾക്കും ക്രൈസ്തവർക്കും തീർത്ഥാടകർക്കും മതിയായ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഗവൺമെന്റിന്റെ ലക്ഷ്യം.
അതേസമയം ഡിസംബർ ഇരുപത്തിരണ്ടിന് പോലീസിന്റെ സാന്നിധ്യത്തിലും തെക്കൻ കെയ്റോയിലെ അൽ അമീർ തവദ്രോസ് ദേവാലയത്തിൽ നടന്ന ആക്രമണം സുരക്ഷാവീഴ്ചയെന്ന്‍ ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. അയ്യായിരത്തോളം പേരാണ് ഗ്രാമത്തിലെ ഏക ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ പങ്കെടുത്തത്. ദേവാലയ വസ്തുവകകളും തിരുവസ്ത്രങ്ങളും കുരിശും മറ്റ് രൂപങ്ങളും നശിപ്പിക്കപ്പെട്ടു.
പതിനഞ്ച് വർഷത്തിലധികമായി പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നുവരുന്ന സ്ഥലമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരിന്നു. ഈജിപ്ഷ്യൻ ജനസംഖ്യയിൽ പന്ത്രണ്ട് ശതമാനത്തോളമാണ് കോപ്റ്റിക്ക് ക്രൈസ്തവർ. ജൂലിയൻ കലണ്ടർ പ്രകാരം ജനുവരി ഏഴിനാണ് കോപ്റ്റിക്ക് ക്രൈസ്തവര്‍ ക്രിസ്തുമസ് ആചരിക്കുന്നത്. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൾ ഫത്ത അൽ സിസി, ഇതിനോടകം ക്രിസ്തുമസ് ആശംസകൾ നേർന്നിട്ടുണ്ട്.