News - 2025

സാധുക്കളുടെ കണ്ണീരൊപ്പിക്കൊണ്ട് കൂനമ്മാവ്‌ തീര്‍ത്ഥാടനകേന്ദ്രത്തിലെ തിരുനാള്‍

സ്വന്തം ലേഖകന്‍ 04-01-2018 - Thursday

വരാപ്പുഴ: സാധുക്കളുടെയും വിവിധ രോഗങ്ങളാല്‍ കഷ്ട്ടപ്പെടുന്നവരുടെയും കണ്ണീരൊപ്പിക്കൊണ്ട് കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ ചാവറ തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുനാള്‍ കരുണയുടെ മറ്റൊരു അധ്യായമായി. വിശുദ്ധ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ തിരുനാളില്‍ വാദ്യമേളങ്ങള്‍, കരിമരുന്ന്‌ പ്രയോഗം, അലങ്കാരങ്ങള്‍ എന്നിവ കുറച്ചു ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുക നല്‍കികൊണ്ടാണ് ഇടവക കാരുണ്യത്തിന്റെ മഹത്തായ മാതൃക ലോകത്തോട് പ്രഘോഷിച്ചത്. പാവപ്പെട്ടവരുടെ അത്താണിയായിരുന്ന ചാവറ പിതാവിന്റെ മാതൃക അനുകരിച്ചാണ് ഇത്തവണ ആഘോഷത്തില്‍ കാരുണ്യപ്രവര്‍ത്തനത്തിന്‌ ഊന്നല്‍ നല്‍കിയത്‌.

സമാപനദിനത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ വിതരണം ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ നിര്‍വഹിച്ചു. ഡയാലിസിസ്‌ രോഗികള്‍ക്ക്‌ സഹായ വിതരണവും നടത്തി. ആര്‍ഭാടത്തിന് പ്രാധാന്യം നല്‍കാതെ പള്ളിയങ്കണവും പരിസരവും വിശുദ്ധന്റെ തിരുസ്വരൂപം കടന്നുപോയ പ്രദക്ഷിണവഴിയും വാഴക്കുലകളും മുത്തുക്കുടകളുംകൊണ്ടാണ് അലങ്കരിച്ചത്. വരാപ്പുഴ അതിരൂപതയുടെ സ്‌നേഹഭവന്‍ പദ്ധതിയിലേക്കുള്ള ഇടവകയുടെ വിഹിതം മെത്രാപ്പോലീത്തയ്‌ക്കു റെക്‌ടര്‍ ഫാ. ആന്റണി ചെറിയകടവില്‍ കൈമാറിയായിരുന്നു തിരുനാള്‍ ആഘോഷം തുടങ്ങിയത്‌.

തിരുനാളിനോട് അനുബന്ധിച്ച് ഇടവകാംഗങ്ങളായ 500 പേര്‍ നേത്രദാന സമ്മതപത്രത്തില്‍ ഒപ്പ് വെച്ചിരിന്നു. തിരുനാളിന്‌ സമാപനം കുറിച്ച്‌ കബറിടത്തിങ്കല്‍ നടന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വിപിന്‍ വേലിക്കകത്ത്‌ വചനസന്ദേശം നല്‍കി. തുടര്‍ന്നു നടന്ന തിരുസ്വരൂപ പ്രദക്ഷിണത്തില്‍ ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.


Related Articles »